ഓട്ടോ ഡ്രൈവറുടെ മരണം: ആവശ്യങ്ങള്‍ അംഗീകരിച്ചു, ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചു

By Web TeamFirst Published Sep 22, 2019, 5:54 PM IST
Highlights

കൊലപാതക ശ്രമത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസ് എടുക്കാമെന്ന് പൊലീസ് സമ്മതിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്
 

കോഴിക്കോട്: എലത്തൂരില്‍ സിപിഎം മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസ് അട്ടിമറിച്ചെന്നാരോപിച്ച് മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധം അവസാനിപ്പിച്ചു. കൊലപാതക ശ്രമത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസ് എടുക്കാമെന്ന് പൊലീസ് സമ്മതിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.സിസി ടിവി ദൃശ്യങ്ങൾ കസ്റ്റഡിയിൽ എടുത്തെന്ന ഔദ്യോഗിക രേഖയും നൽകും. 

പൊലീസ് ദുര്‍ബല വകുപ്പുകള്‍ ചുമത്തി പ്രതികളെ സഹായിച്ചു, ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍
സമര്‍പ്പിച്ചില്ല തുടങ്ങിയ പരാതികളാണ് ബിജെപി ഉന്നയിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് രാജേഷിന്‍റെ മൃതദേഹവുമായി എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ബിജെപി പ്രവര്‍‌ത്തകര്‍ ഉപരോധിച്ചത്.

പൊലീസ് നടപടികളില്‍ സംശയം ഉള്ളതിനാല്‍ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്കരിക്കാതെ വീട്ടുവളപ്പില്‍ അടക്കം ചെയ്യാനാണ് കുടുംബത്തിന്‍റെ തീരുമാനം. സംഭവത്തില്‍ സിഐടിയു എലത്തൂര്‍ ഓട്ടോസ്റ്റാന്‍റ് യൂണിയന്‍ സെക്രട്ടറി ഖദ്ദാസ്, സിപിഎം പ്രവര്‍ത്തകന്‍ മുരളി എന്നിവരെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. മുപ്പതോളം പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

click me!