
മലപ്പുറം: യുഡിഎഫും പിന്നാലെ എസ്‌ഡിപിഐയും ഇപ്പോൾ എൽഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനായില്ല. സ്ഥാനാർത്ഥി കാര്യത്തിൽ ഇതുവരെ പാർട്ടിയിലും മുന്നണിയിലും തീരുമാനമായില്ല. അതിനിടെ ഞായറാഴ്‌ച ബിഡിജെഎസ് കൗൺസിൽ യോഗം വീണ്ടും ചേരുന്നുണ്ട്.
ഒരു രാഷ്ട്രീയ പ്രാധാന്യവുമില്ലാത്ത തെരഞ്ഞെടുപ്പിൽ എന്തിന് മത്സരിക്കണമെന്നാണ് ബിജെപിയിൽ ഒരു വിഭാഗം ചോദിക്കുന്നത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് കൂടി അടുത്ത് നിൽക്കെ മത്സരിച്ചില്ലെങ്കിൽ അത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നും വിലയിരുത്തൽ മറ്റൊരു വിഭാഗം മുന്നോട്ട് വെക്കുന്നു. എൻഡിഎയിലും വലിയ അഭിപ്രായ അനൈക്യം ഇക്കാര്യത്തിലുണ്ട്. എന്നാൽ എം സ്വരാജ് സിപിഎം സ്ഥാനാർത്ഥിയായി എത്തുന്ന സാഹചര്യത്തിൽ മണ്ഡലത്തിൽ മത്സരിക്കാതെ മാറിനിൽക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന സമ്മർദ്ദം ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മേലുണ്ട്.
ഒരാഴ്ച നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് പൊതു സ്വതന്ത്രൻ വേണ്ട പാർട്ടി സ്ഥാനാർത്ഥി തന്നെ മതിയെന്ന് സിപിഎം തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം സ്വരാജിനെ ഇറക്കുന്നതോടെ നിലന്പൂരിനെ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പോരാട്ടമായി പാർട്ടി കാണുന്നത്. പ്രദേശവാസിയായ സ്വരാജിന് കടുത്ത മത്സരം കാഴ്ചവെക്കാനാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. നാളെ രണ്ട് മണിക്ക് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി റോഡ് ഷോയോടെ പ്രചാരണം തുടങ്ങും.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തി. ചാണ്ടി ഉമ്മൻ മുതിർന്ന നേതാവ് കെസി ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു. പിതാവിനൊപ്പം പ്രവർത്തിച്ച ഉമ്മൻചാണ്ടി തനിക്ക് പിതൃതുല്യനാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നാളെ രാവിലെ 11.30 ന് അദ്ദേഹം യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇന്ന് വൈകിട്ട് നാലരയോടെ മുതിർന്ന നേതാവ് എകെ ആന്റണിയെ കാണാൻ തിരുവനന്തപുരത്ത് ഷൗക്കത്ത് എത്തുന്നുണ്ട്.