
പാലക്കാട്: ആലത്തൂർ വീഴുമലയിൽ ബാധ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സുരേഷ് സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. യുവതിയുടെ ശരീരത്തിൽ ബാധ കയറിയത് ഒഴിപ്പിച്ചത് ശരിയായില്ലെന്ന് ആരോപിച്ച് വീട്ടുകാർ ചോദ്യം ചെയ്യുന്നതിനിടെ മർദ്ദിച്ചു എന്ന പരാതിയിലാണ് സുരേഷ് സ്വാമിയെ അറസ്റ്റ് ചെയ്തത്. സ്വാമിയുടെ കൂടെയുള്ളവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സുരേഷിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പാലക്കാട് വീഴുമല ക്ഷേത്രത്തിലെ പൂജാരി സുരേഷിനാണ് മർദനമേറ്റത്. രജിൻ, വിപിൻ, പരമൻ എന്നിവരാണ് പൂജാരിയെ മർദ്ദിച്ചത്. ഇവരെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുരേഷ് പ്രതികളുടെ ബന്ധു വീട്ടിൽ ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ പൂജ നടത്തിയിരുന്നു. ഈ പൂജക്ക് ഫലമുണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആലത്തൂരിൽ സുരേഷ് ഒരു പ്രാർത്ഥനാലയം നടത്തി വരുകയായിരുന്നു. പൂജകളും മറ്റും നടത്തുന്ന ഇയാളെ അടുത്തിടെ പ്രതികളിലൊരാളുടെ ബന്ധു പൂജ നടത്താൻ ക്ഷണിച്ചിരുന്നു. ഇവരുടെ ആവശ്യപ്രകാരം വീട്ടിലെത്തിയ സന്തോഷ് ബാധ ഒഴിപ്പിക്കൽ പൂജ നടത്തുകയും ചെയ്തു. എന്നാൽ പൂജ ഫലം കണ്ടില്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുവായ യുവാവും സുഹൃത്തുക്കളും പൂജാരിയെ മർദ്ദിച്ചത്.