പാലക്കാട് ബ്ലേഡ് മാഫിയക്കെതിരെ നടപടിയുമായി പൊലീസ്; നാല് പേർ അറസ്റ്റിൽ

By Web TeamFirst Published Aug 2, 2021, 9:13 PM IST
Highlights

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് രണ്ട് കർഷകർ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് പൊലീസ് നടപടി. ബ്ലേഡ് മാഫിയയ്ക്കതിരെ നടപടി ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

പാലക്കാട്: പാലക്കാട് ജില്ലയിലെ വട്ടിപലിശക്കാരുടെ വീടുകളിൽ റെയ്ഡ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ നാല് പേർ അറസ്റ്റിലായി. കൊടുമ്പ് സ്വദേശി ഷിജു, കിഴക്കഞ്ചേരി സ്വദേശി കണ്ണൻ, പട്ടാമ്പി സ്വദേശികളായ ഷഫീർ, ഹംസ എന്നിവരാണ് അറസ്റ്റിലായത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് രണ്ട് കർഷകർ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് പൊലീസ് നടപടി. ബ്ലേഡ് മാഫിയയ്ക്കതിരെ നടപടി ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

റെയ്ഡിൽ ഒരുലക്ഷത്തി പതിനെണ്ണായിരം രൂപയും, ആധാരം ഉൾപെടെ ഉള്ള രേഖകളും പിടികൂടി. അറസ്റ്റിലായ കൊടുമ്പ് സ്വദേശി ഷിജുവിന്‍റെ വീട്ടിൽ നിന്നും ഒരു ലക്ഷം  രൂപയും ചെക്കുകളും പൊലീസ് കണ്ടെടുത്തു. പണയമായി സ്വീകരിച്ച വാഹനങ്ങളുടെ രേഖകളും ആധാരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സൗത്ത് പൊലീസാണ് റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും ബ്ലേഡ് മാഫിയക്കെതിരെ നടപടി ശക്തമാക്കുമെന്ന് ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!