എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു; കാരണം ജോലി സമ്മർദമെന്ന് കുടുംബം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Nov 22, 2025, 07:12 PM IST
BLO Collapsed

Synopsis

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്

കണ്ണൂർ: കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ. ബൂത്ത് ലെവൽ ഓഫീസർമാർ കഠിനമായ ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ 9 ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്നാവശ്യം ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ബിഎൽഒ അനീഷ് ജോര്‍ജ്ജിന്‍റെ മരണത്തിന് കാരണം ജോലി സമ്മര്‍ദ്ദമെന്ന സിപിഎം ആരോപിച്ചപ്പോള്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ ബിഎൽഒമാര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ബിജെപി യോഗത്തില്‍ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ എസ്ഐആര്‍ മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ ചേര്‍ന്ന യോഗത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്നാവശ്യം പാര്‍ട്ടികള്‍ ഉന്നയിച്ചു. സമയക്രമം മാറ്റിയില്ലെങ്കിൽ എസ്ഐആര്‍ എങ്ങനെയെങ്കിലും പൂര്‍ത്തിയാകുമെന്നും ദുരന്തമായി മാറുമെന്നുമാണ് സിപിഎം വിമര്‍ശനം.

അനീഷ് ജോര്‍ജ്ജിന്‍റെ മരണത്തില്‍ അനുശോചിച്ചുള്ള കൊണ്ടുള്ള കുറിപ്പിൽ അനീഷ് ജോര്‍ജ്ജിന്‍റെത് സ്വാഭാവിക മരണമെന്ന നിലയിലാണ് കമ്മീഷൻ പറഞ്ഞതെന്നും സിപിഎം കുറ്റപ്പെടുത്തി. സമയക്രമം മാറ്റിയില്ലെങ്കിൽ ഒരുപാടുപേര്‍ പട്ടികയ്ക്ക് പുറത്താകുമെന്ന് കോണ്‍ഗ്രസും പൗരത്വം വച്ചാണ് കമ്മീഷൻ കളിക്കുന്നതെന്ന് മുസ്ലീം ലീഗും വിമർശിച്ചു. എന്നാല്‍ രാഷ്ട്രീയ താൽപര്യം വച്ചാണ് എസ്ഐആറിനെ എതിര്‍ക്കുന്നതെന്നും സര്‍വീസ് സംഘടനകളെ ഉപയോഗിച്ച് എസ്ഐആറിനെ അട്ടിമറിക്കാനാണ് ശ്രമമെന്നും ബിജെപി ആരോപിച്ചു.

ബിഎൽഒമാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന പാര്‍ട്ടികളുടെ വിമര്‍ശനം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി. എസ്ഐആര്‍ നീട്ടണമെന്ന ആവശ്യത്തിൽ യോഗത്തിൽ പ്രതികരിച്ചില്ലെങ്കിലും സമയക്രമം മാറ്റില്ലെന്ന് വാര്‍ത്താ സമ്മേളനത്തിൽ രത്തൻ ഖേൽക്കര്‍ വ്യക്തമാക്കി. ബിഎൽഒമാരുടെ പരിശീലനക്കുറവ് പരിഹരിക്കുമെന്നും പ്രവാസി വോട്ടര്‍മാരുടെ ആശങ്ക അകറ്റാൻ യോഗം വിളിക്കണമെന്ന് നോര്‍ക്കയോട് വീണ്ടും ആവശ്യപ്പെടുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറ‍ഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ'
കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു