28 നിക്ഷേപകരുടെ 7288​ കോടിയുടെ നിക്ഷേപ നിർദ്ദേശങ്ങൾ, കേരള സമുദ്ര സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമായി ബ്ലൂ ടൈഡ്സ് കോൺക്ലേവ്

Published : Sep 20, 2025, 12:37 AM IST
Blue Tides Conclave

Synopsis

കേരളത്തിന്റെ സമുദ്ര സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനമേകുന്ന ഈ സമ്മേളനം യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണത്തിന് പുതിയ വാതിലുകൾ തുറന്നു. 'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കോണ്‍ക്ലേവ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും മാതൃക

തിരുവനന്തപുരം: കേരള സമുദ്ര സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ ഉത്തേജനമേകി ബ്ലൂ ടൈഡ്സ് കേരള - യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് 2025 ന് സമാപനം. കോവളത്ത് നടന്ന ദ്വിദിന കോണ്‍ക്ലേവില്‍ 28 നിക്ഷേപകര്‍ 7,288 കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ഭാവിയില്‍ സംസ്ഥാനവുമായുള്ള ബന്ധം സുഗമമാക്കുന്നതിന് കേരളത്തില്‍ ഒരു പുതിയ ഏജന്‍സി സ്ഥാപിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അഭ്യര്‍ഥിച്ചു. സമ്മേളനം വിജയമായിരുന്നുവെന്നും ഇത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ക്ക് മാതൃകയായി മാറിയെന്നും സമാപന ചടങ്ങില്‍ സംസാരിച്ച ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ സംബന്ധിച്ച് കേരള - യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് ഏറെ സുപ്രധാനമാണ്. സമുദ്രങ്ങളുടെയും തീരത്തിന്‍റെയും സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് സമ്മേളനം അവസരം തുറന്നിടുന്നു. കോണ്‍ക്ലേവില്‍ കേരളത്തില്‍ നിന്നുള്ള 28 നിക്ഷേപകര്‍ താല്‍പ്പര്യ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള കൂടുതല്‍ അടുത്ത സഹകരണത്തിന് സംസ്ഥാനം തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള - യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത്.

മുഖ്യമന്ത്രിയുമായുള്ള ആശയ വിനിമയം

മുഖ്യമന്ത്രിയുമായുള്ള ആശയ വിനിമയത്തിനിടെ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളുമായി ഇടപഴകുന്നതിന് ഒരു വേദി സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശം അംബാസഡര്‍മാര്‍ സമര്‍പ്പിച്ചതായി ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനും കേരളവും തമ്മില്‍ സഹകരണത്തിന് വലിയ സാധ്യതകളാണുള്ളതെന്ന് സമ്മേളനത്തിലൂടെ അംബാസഡര്‍മാര്‍ മനസ്സിലാക്കി. കേരള ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും ആരോഗ്യ സംരക്ഷണം, ഐടി ഉള്‍പ്പടെ സഹകരിക്കാന്‍ കഴിയുന്ന നിരവധി മേഖലകളുണ്ടെന്ന് കരുതുന്നു. ഈ വര്‍ഷം ഫ്രാന്‍സില്‍ നടന്ന ആഗോള ബ്ലൂ ഇക്കണോമി ഉച്ചകോടിയുടെ തുടര്‍ച്ചയായാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഈ കോണ്‍ക്ലേവിനെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് നിര്‍ദേശിച്ചിട്ടുള്ള സംയുക്ത പ്ലാറ്റ് ഫോമും നോഡല്‍ പോയിന്‍റും അനുവദിക്കുന്നത് പരിഗണിക്കുന്നതിനായി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇത് യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളുമായുള്ള സഹകരണം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുസ്ഥിരത, നൂതന സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാന പ്രതിരോധം മുതല്‍ ലോജിസ്റ്റിക്സിലെ ആഗോള സഹകരണം വരെയുള്ള നിരവധി വിഷയങ്ങള്‍ കോണ്‍ക്ലേവിലെ സെഷനുകളില്‍ ചര്‍ച്ചചെയ്തുവെന്ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ചൂണ്ടിക്കാട്ടി. കോണ്‍ക്ലേവിന് മുന്നോടിയായി സംഘാടകര്‍ നിരവധി തടസ്സങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ശക്തമായ പിന്തുണയും സജി ചെറിയാന്‍റെ സംഘടനാ ശേഷിയുമാണ് ഇത്രയും വിജയകരമായ സമ്മേളനം നടത്താന്‍ കേരളത്തെ സഹായിച്ചതെന്നും ദില്ലിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പറഞ്ഞു. ഫിഷറീസ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി സ്വാഗതവും ഫിഷറീസ് ഡയറട്കര്‍ ചെല്‍സാസിനി വി നന്ദിയും രേഖപ്പെടുത്തി.

'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്'

സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ 'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ക്കു പുറമേ 18 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളനത്തില്‍ നീല സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഇന്ത്യയിലെയും യൂറോപ്പിലെയും വിദഗ്ധര്‍ ചിന്തകള്‍ പങ്കുവെക്കുകയും സഹകരണം ഉറപ്പ് നല്‍കുകയും ചെയ്തു. മറൈന്‍ ലോജിസ്റ്റിക്സ്, അക്വാകള്‍ച്ചര്‍, സമുദ്ര മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോര്‍ജ്ജം ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ കേരള- യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തവും നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴില്‍സാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം, സ്റ്റാര്‍ട്ടപ്പ് നവീകരണം എന്നിവയിലെ സംയുക്ത സംരംഭങ്ങളും ചര്‍ച്ച ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ