ബോട്ടപകടം നടന്നത് രാത്രിയോടെ, ബോട്ട് കടലിൽ ആണ്ടുപോയി; കാബിനകത്ത് തൊഴിലാളികൾ കുടുങ്ങിയെന്ന് സംശയം

By Web TeamFirst Published Apr 14, 2021, 11:38 AM IST
Highlights

അപകട കാരണം മീൻപിടുത്ത ബോട്ട് കപ്പൽ ചാലിലേക്ക് നിയന്ത്രണം വിട്ട് കയറിപ്പോയതാണെന്ന് കോസ്റ്റൽ പൊലീസ് പറയുന്നു

മംഗളുരു: ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽ പെട്ടത് ഇന്നലെ രാത്രിയോടെയാണെന്ന് കോസ്റ്റൽ പൊലീസ്. പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നതെന്നായിരുന്നു ഇന്നലെ പുറത്തുവന്ന വിവരം. അപകടം നടന്ന ശേഷം ബോട്ട് കടലിൽ ആണ്ടുപോയെന്നാണ് കരുതുന്നത്. ബോട്ടിന് താഴ്ഭാഗത്തെ കാബിനിൽ തൊഴിലാളികൾ കുടുങ്ങി കിടക്കുന്നുണ്ടോയെന്നു സംശയമുണ്ട്. കാണാതായ ഒൻപത് പേർക്കായി തെരച്ചിൽ നടക്കുകയാണ്.

അതേസമയം അപകട കാരണം മീൻപിടുത്ത ബോട്ട് കപ്പൽ ചാലിലേക്ക് നിയന്ത്രണം വിട്ട് കയറിപ്പോയതാണെന്ന് കോസ്റ്റൽ പൊലീസ് പറയുന്നു. ബോട്ടിലെ സ്രാങ്ക് അബദ്ധത്തിൽ ഉറങ്ങിപ്പോയതാവാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. കപ്പലിന് പുറകിൽ ബോട്ട് ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ടവരുടെ മൊഴി പ്രകാരമാണ് ഈ നിഗമനത്തിലെത്തിയതെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു.

മംഗലപുരത്ത് നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. മൂന്ന് പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പേരെ മംഗളുരു വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. കോസ്റ്റ്‌ഗാർഡിന്റെ കപ്പലിലാണ് രക്ഷപ്പെട്ടവരെയും മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും മംഗലാപുരത്ത് എത്തിച്ചത്. അപകടത്തില്‍പ്പെട്ടവരില്‍ ഏഴ് പേര്‍ തമിഴ്നാട്ടുകാരും മറ്റുളളവര്‍ ബംഗാള്‍, ഒഡീഷ സ്വദേശുകളുമാണ്. മരിച്ചവരിൽ രണ്ട് പേർ തമിഴ്‌നാട് സ്വദേശികളും ഒരാൾ പശ്ചിമ ബംഗാൾ സ്വദേശിയുമാണ്.

ഞായറാഴ്ച രാത്രി ബേപ്പൂരില്‍ നിന്ന് മല്‍സ്യബന്ധനത്തിനായി മംഗലാപുരം തീരത്തേക്ക് പോയ ഐഎഫ്ബി റബ്ബ എന്ന ബോട്ടാണ് വിദേശ കപ്പലുമായി കൂട്ടിയിടിച്ച് തകര്‍ന്നത്. ബേപ്പൂര്‍ സ്വദേശി ജാഫറിന്‍റെ ഉടമസ്ഥതയിലുളള ബോട്ടാണിത്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. സിങ്കപ്പൂരില്‍ നിന്നുളള എപിഎല്‍ ലീ ഹാര്‍വേ എന്ന ചരക്ക് കപ്പലുമായാണ് ബോട്ട് കൂട്ടിയിടിച്ചത്. കടലില്‍ തെറിച്ചുവീണ ബംഗാള്‍ സ്വദേശി സുനില്‍ ദാസ്, തമിഴ്നാട് സ്വദേശി വേല്‍മുരുകന്‍ എന്നിവരെ കപ്പലിലുണ്ടായിരുന്നവര്‍ രക്ഷിച്ചു. കപ്പലിലുളളവര്‍ നല്‍കിയ വിവരമനുസരിച്ച് മംഗലാപുരത്ത് നിന്ന് കോസ്റ്റ് ഗാര്‍ഡ് സംഘം സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

click me!