Police Officer Dead : കൊലക്കേസ് പ്രതിയെ അന്വേഷിച്ച് പോയ പൊലീസുകാരുടെ വള്ളം മറിഞ്ഞു; ഒരുദ്യോഗസ്ഥൻ മരിച്ചു

Published : Dec 18, 2021, 02:29 PM ISTUpdated : Dec 18, 2021, 04:26 PM IST
Police Officer Dead : കൊലക്കേസ് പ്രതിയെ അന്വേഷിച്ച് പോയ പൊലീസുകാരുടെ വള്ളം മറിഞ്ഞു; ഒരുദ്യോഗസ്ഥൻ മരിച്ചു

Synopsis

സിഐയും വള്ളത്തിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനും രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള ഒരു പൊലീസുദ്യോഗസ്ഥനെ വർക്കല സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരക്കി പോയ പൊലീസുകാർ സഞ്ചരിച്ച വള്ളം മറിഞ്ഞു (Boat Accident). ഒരു പൊലീസുകാരൻ മരിച്ചു(Police Officer Dead). ആലപ്പുഴ സ്വദേശി എസ് ബാലുവാണ് മരിച്ചത്. എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. വർക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബാലുവിനെ ഇവിടെ നിന്ന് പ്രതിക്കായുള്ള തെരച്ചിൽ സംഘത്തിലേക്ക് നിയോഗിക്കുകയായിരുന്നു. 

വർക്കല ഇടവ പണയിലാണ് സംഭവം. വർക്കല സിഐയും രണ്ടു പോലീസുകാരുമാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളക്കാരൻ വസന്തൻ, സിഐ പ്രശാന്ത്, ബാലു, പ്രശാന്തെന്ന മറ്റൊരു പൊലീസുകാരൻ, ഇത്രയും പേരാണ് അപകടത്തിൽ പെട്ട വള്ളത്തിൽ ഉണ്ടായിരുന്നത്. സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തേടിയായിരുന്നു പൊലീസുകാരുടെ യാത്ര. ഇതിനിടെയാണ് വള്ളം മറിഞ്ഞത്. 

സിഐയും വള്ളത്തിലുണ്ടായിരുന്ന രണ്ടാമത്തെ പൊലീസുകാരനും രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള ഈ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. 

മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പ്രതിയെ പിടിക്കാൻ പോകാൻ വള്ളമെടുക്കണമെന് സിഐ ആവശ്യപ്പെട്ടുവെന്നാണ് വള്ളക്കാരൻ വസന്തൻ പറയുന്നത്. വള്ളത്തിന്റെ അറ്റത്തായാണ് ബാലു ഇരുന്നിരുന്നത്. വള്ളം മുന്നോട്ട് പോയപ്പോൾ ബാലു എഴുന്നേറ്റുവെന്നും അപ്പോൾ വള്ളം മറിഞ്ഞുവെന്നുമാണ് വസന്തൻ പറയുന്നത്. സിഐയെയും ഒരു പൊലീസുകാരനെയും രക്ഷിക്കാൻ ശ്രമിച്ചു. ബാലുവും നീന്തുന്നുണ്ടായിരുന്നുവെന്നും കരയ്ക്കെത്തിച്ച് തിരിഞ്ഞു നോക്കിയപ്പോൾ ഇയാളെ കണ്ടില്ലെന്നുമാണ് വസന്തന്റെ വിശദീകരണം. 

ബാലു ഉൾപ്പെടെ അമ്പത് പൊലീസുകാരാണ് എസ്എപി ക്യാമ്പിൽ നിന്ന് ശിവഗിരിയിലേക്ക് പോയത്. ഈ സംഘത്തിൽ നിന്ന് പത്ത് പേരെ വർക്കല പൊലീസ് സ്റ്റേഷനിലേക്ക് അറ്റാച്ച് ചെയ്യുകയായിരുന്നു. 
 

പുന്നപ്ര ആലിശ്ശേരില്‍ കാര്‍ത്തികയില്‍ ഡി സുരേഷിന്‍റെയും അനിലാ ദാസിന്‍റെയും മകനാണ് ബാലു. സിവില്‍ എഞ്ചിനീയറിംഗ്, ധനതത്വശാസ്ത്രം എന്നിവയില്‍ ബിരുദധാരിയായ ബാലു അവിവാഹിതനാണ്, ഇരുപത്തിയേഴ് വയസായിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കൊല്ലം ജനുവരിയിലാണ് പരിശീലനത്തിനായി സേനയില്‍ ചേര്‍ന്നത്.

ബാലുവിന്‍റെ നിര്യാണത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അനുശോചിച്ചു.  സെപ്റ്റംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് ഡിജിപി അനുസ്മരിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ
നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജ‍ഡ്ജി ഹണി എം. വർഗീസിന്‍റെ താക്കീത്; 'സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം'