
തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃത ബോട്ട് സവാരിക്കെതിരെ നടപടി സ്വീകരിച്ച എസ്ഐക്കെതിരെ ബോട്ടുടമയുടെ വധഭീഷണി. പൊഴിയൂർ എസ് ഐ സജി കുമാറിനെയാണ് ബോട്ടുടമ മാഹിൻ ഭീഷണിപ്പെടുത്തിയത്. ബോട്ടുടമ മാഹിനെതിരെ പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു.
ഇന്ന് പുലർച്ചെയാണ് പൂവാർ സ്റ്റേഷനിലെ റൗഡി പട്ടികയിൽപ്പെട്ട എസ്ഐ സജി കുമാറിനെ വിളിച്ച്, ബോട്ടുടമ മാഹിന്‍ വധഭീഷണി മുഴക്കിയതും അസഭ്യം പറയുകയും ചെയ്തത്. പൊഴിയൂരിൽ മാൻഗ്രോസ് എന്ന ബോട്ട് ക്ലബിന്‍റെ ഉടമയാണ് മാഹിൻ. ലൈസൻസില്ലാതെ സർവ്വീസ് നടത്തുന്ന ബോട്ടുകള്‍ കഴിഞ്ഞ ദിവസം എസ്ഐ പിടികൂടിയിരുന്നു. ഒരു മാസം മുമ്പ് അനധികൃത സർവ്വീസ് നടത്തി മാഹിന്‍റെ രണ്ട് ബോട്ടുകള്‍ പിടികൂടിയപ്പോള്‍ എസ്ഐ തടഞ്ഞു. മാഹിനെതിരെ കേസെടുത്തുവെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. സിപിഎം പൂവാർ ലോക്കൽ കമ്മിറ്റി അംഗം സാലിയുടെ മകനാണ് മാഹിൻ. സാലിയെത്തിയാണ് സ്റ്റേഷനിൽ നിന്നും ജാമ്യത്തിലെടുത്തത്.
പൊലീസ് ഇന്നലെ വീണ്ടും പരിശോധന നടത്തിയതാണ് മാഹിനെ പ്രകോപിച്ചത്. പുലർച്ചെ ഒന്നരക്കായിരുന്നു ഔദ്യോഗിക ഫോണിൽ വിളിച്ചുള്ള പ്രതിയുടെ ഭീഷണി. എസ്ഐയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊഴിയൂർ പൊലീസ് കേസെടുത്തു. ഗുണ്ടാനിയമപ്രകാരവും മാഹിനെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് പറയുന്നു.
Also Read: തൊണ്ടി മുതൽ മറിച്ചു വിറ്റ പൊലീസുകാരെ വിജിലൻസ് അന്വേഷണം തീരും മുൻപേ സര്‍വ്വീസിൽ തിരിച്ചെടുത്തു