എഎസ്ഐ സി.ടി.രജീന്ദ്രൻ, സിപിഒ ഷാജി അലക്സാണ്ടർ എന്നിവരെയാണ് പാലക്കാട് ജില്ലയിൽ നിയമിച്ചുകൊണ്ടാണ് ഉത്തരവിട്ടത്

മലപ്പുറം: രണ്ട് മാസം മുൻപ് തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മറിച്ചു വിറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വിജിലൻസ് അന്വേഷണം പൂർത്തിയാകും മുമ്പ് സർവീസിൽ തിരിച്ചെടുത്തു. കോട്ടക്കൽ സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന രജീന്ദ്രൻ ,സിപിഒ സജി അലക്സാണ്ടർ എന്നിവരെയാണ് പാലക്കാട്ട് ജില്ലയിൽ നിയമിച്ചത്. കോടതി നശിപ്പിക്കാൻ ഉത്തരവിട്ട നിരോധിത പുകയില ഉത്പന്നങ്ങൾ പ്രതികൾക്കു തന്നെ പൊലീസുകാർ മറിച്ചുവിറ്റെന്നായിരുന്നു കേസ്.

2021 ഏപ്രിൽ മാസത്തിലാണ് 32 ചാക്കുകളിലായി കടത്താൻ ശ്രമിച്ച 48000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വളാഞ്ചേരി സ്വദേശികൾ കോട്ടക്കൽ പൊലീസ് പിടിയിലായത് . ഇവരിൽ നിന്ന് പിടിച്ചെടുത്ത വാഹനം വിട്ടു കൊടുക്കാനും നിരോധിത പുകയില ഉൽപ്പന്നങ്ങൾ
 നശിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. നശിപ്പാക്കാനായി ഉദ്യോഗസ്ഥർ തൊണ്ടിമുതൽ പരിശോധിച്ചപ്പോൾ പുകയില ഉത്പന്നങ്ങൾ ചാക്കിലുണ്ടായിരുന്നില്ല. തുടർന്ന് നാർക്കോട്ടിക് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരുടെ നിരോധിതപുകയില ഉത്പ‍ന്നങ്ങളുടെ മറിച്ചുവിൽക്കൽ പുറംലോകം അറിയുന്നത്. 20 ലക്ഷത്തോളം പൂപ വിലമതിക്കുന്ന വസ്തുക്കൾ ഒന്നേകാൽ ലക്ഷത്തോളം രൂപയ്ക്ക് പ്രതികൾക്ക് തന്നെ കോട്ടയ്ക്കൽ സ്റ്റേഷനിലെ എഎസ്ഐ രജീന്ദ്രൻ, സിപിഒ സജി അലക്സാണ്ടർ എന്നിവർ മറിച്ചു വിറ്റെന്നായിരുന്നു കേസ്. ഇരുവരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷമം
പൂര്‍ത്തിയാകും മുമ്പാണ് ഉത്തരമേഖല ഐജി തിരിച്ചെടുത്തത്. പാലക്കാട് ജില്ലയിലാണ് നിയമനം.