കണ്ണൂരില്‍ സ്കൂള്‍ ശുചിമുറിയില്‍ ബക്കറ്റില്‍ ബോംബ്; നിര്‍വീര്യമാക്കി, പൊലീസ് അന്വേഷണം തുടങ്ങി

By Web TeamFirst Published Oct 25, 2021, 4:43 PM IST
Highlights

സ്കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയിൽ രണ്ട് നീല ബക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ ബക്കറ്റ് പരിശോധിക്കുകയായിരുന്നു. 

കണ്ണൂർ: ആറളത്ത് സ്കൂൾ വൃത്തിയാക്കുന്നതിനിടെ ബോബുകൾ (bomb) കണ്ടെത്തി. ആറളം ഹയർസെക്കണ്ടറി സ്കൂളിലെ  (aralam higher secondary school ) ശുചിമുറിയിൽ നിന്നാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്ക്വാഡെത്തി ബോംബ് നി‍ർവീര്യമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഏറെ നാളായി അടച്ചിട്ടിരുന്ന സ്കൂൾ വൃത്തിയാക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം.

സ്കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയിൽ രണ്ട് നീല ബക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ ബക്കറ്റ് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ബക്കറ്റിൽ ഉമിക്കരിയിൽ ഒളിപ്പിച്ച് വച്ച നിലയിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. ആദ്യം തേങ്ങയാണെന്നാണ് കരുതിയത്. പിന്നീട് പന്തികേട് തോന്നിയ അധ്യാപകൻ ഉടൻ തന്നെ ആറളം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാ‍ഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കിയത്. 

ആ‍‍ർസെനിക് സൾഫെയ്ഡും കുപ്പിച്ചില്ലും ആണിയും ചേർത്താണ് ബോംബ് നിർമ്മിച്ചിരിക്കുന്നത്. 2020 ലെ കോഴിക്കോട് കണ്ണൂർ എഡിഷൻ പത്രങ്ങളാണ് ബോബ് പൊതിയാനായി ഉപയോഗിച്ചത്. ഇതിന് മുമ്പ് ഇവിടെ നിന്ന് ബോംബ് കണ്ടെത്തിയിട്ടില്ലെന്നും ആളില്ലാത്ത പ്രദേശമായതിനാലാവും സ്കൂളിൽ ബോംബ് ഒളിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളിൽ പൊലീസ് പരിശോധന നടത്തി. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ സ്കൂളിൽ നിന്ന് ബോംബ് കണ്ടെത്തിയത് അധ്യാപകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
 

click me!