തൊണ്ടി മുതൽ കൃത്രിമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്‍റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് വൈകിട്ട് പരിഗണിക്കും
തിരുവനന്തപുരം: തൊണ്ടി മുതൽ കൃത്രിമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്‍റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് വൈകിട്ട് പരിഗണിക്കും. വിഷയം പരിഗണിക്കുന്നത് മൂന്നംഗ അച്ചടക്ക സമിതിയാണ്. ആന്‍റണി രാജുവിന് നോട്ടീസ് നൽകും. മുൻ മന്ത്രിയുടെ നടപടി ഗുരുതരമെന്നും നാണക്കേടെന്നുമാണ് ബാർ കൗൺസിൽ വിലയിരുത്തൽ. തൊണ്ടിമുതൽ കേസിൽ 3 വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ എംഎൽഎ സ്ഥാനം നഷ്ടമായ ആന്‍റണി രാജുവിന്‍റെ അഭിഭാഷക പട്ടവും നഷ്ടമാകുമോ എന്നതാണ് ഇനി അറിയാനുള്ളത്. കേസുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നുള്ള നടപടികളുടെ ഭാഗമായി ആന്‍റണി രാജുവിനും, ബന്ധപ്പെട്ട കക്ഷികൾക്കും ബാർ കൗൺസിൽ നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് ബാർ കൗൺസിൽ കടക്കുക. കേസിൽ മൂന്നുവർഷം തടവിനാണ് ആന്‍റണി രാജുവിനെ നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.
തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട് ആന്‍റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം മണ്ഡലത്തിൽ ഉചിതമായ സ്ഥാനാര്‍ത്ഥിയെ കിട്ടാതെ വലയുകയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. തൊണ്ടിമുതലും തിരുവനന്തപുരം സീറ്റും - പണ്ട് തിരുവനന്തപുരം വെസ്റ്റായിരുന്ന കാലം തൊട്ടേ കേസിന്‍റെ പോക്ക് കണ്ടതാണ് മണ്ഡലം. ഓസ്ട്രേലിയൻ പൗരനെ ലഹരിക്കേസിൽ വിടുതലാക്കൻ തൊണ്ടി മുതലായ അടിവസ്ത്രം അഭിഭാഷകൻ വെട്ടി ചെറുതാക്കിയെന്ന് വെളിപ്പെട്ട 1996 ൽ കേസ് വന്നെങ്കിലും അഭിഭാഷകനായ ആന്‍റണി രാജു എം എൽ എ ആയി. കുറ്റപത്രമായപ്പോള്‍ 2006 ൽ വീണ്ടും മത്സരിക്കാനിറങ്ങിയ ആന്‍റണി രാജുവിന്‍റെ സ്ഥാനാര്‍ഥിക്കുപ്പായം വി എസ് വെട്ടി. പുതിയ തിരുവനന്തപുരം മണ്ഡലത്തിൽ 10 വര്‍ഷത്തിന് ശേഷം ആന്‍റണി രാജു വീണ്ടും സ്ഥാര്‍ത്ഥിയായി, പക്ഷേ തോറ്റു. കഴിഞ്ഞ തവണ വീണ്ടും മത്സരിച്ചു, ജയിച്ചതോടെ മന്ത്രി സ്ഥാനവും തേടിയെത്തി. ഒരിക്കൽ കൂടി മത്സരിക്കാനൊരുങ്ങുമ്പോഴാണ് തടവു ശിക്ഷ വിധിക്കുന്നതും അയോഗ്യനാവുന്നതും. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം സീറ്റ് സി പി എം ഏറ്റെടുക്കുമോയെന്ന ചോദ്യം ഉയരുന്നത്. എന്നാൽ സീറ്റ് ആവശ്യപ്പെടുകയാണ് കേരള കോണ്‍ഗ്രസ് എം. സീറ്റ് ചോദിക്കുന്നത് ലത്തീൻ സഭാംഗവും ജില്ലാ പ്രസിഡന്‍റുമായ ജെ സഹായദാസിനെ സ്ഥാനാര്‍ഥിയാക്കാൻ വേണ്ടിയാണ്. 2001 ൽ തിരുവന്തപുരം വെസ്റ്റിൽ എം വി രാഘവൻ എം എൽ എ ആയിരുന്ന പാരമ്പര്യം പറഞ്ഞാണ് സി എം പി കോണ്‍ഗ്രസിനോട് സീറ്റ് വിട്ടുതരാൻ ആവശ്യപ്പെടുന്നത്. സി പി ജോണിനെ നിയമസഭയിലും, മന്ത്രിസഭയിലുമെത്തിക്കാൻ ഒത്ത മണ്ഡലമെന്നാണ് സി എം പിയുടെ കണക്കു കൂട്ടൽ. ഒപ്പം വന്നവര്‍ പോയിട്ടും യു ഡി എഫിൽ ഉറച്ചു നിന്ന ജോണിന് ഉറച്ച സീറ്റ് കൊടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളും വൈകാരികമായി പറയുന്നു. പക്ഷേ പല തരം വിചാരങ്ങളാൽ ഒറ്റയടിക്ക് ഓകെ പറയുന്നുമില്ല.



