
തിരുവനന്തപുരം: അലമാരകളിൽ ഉറങ്ങിക്കിടന്ന പുസ്തകങ്ങൾക്ക് ഇനി പുതിയ ജീവിതം. തൈക്കാട് ഗവൺമെൻ്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറി വിപുലീകരണത്തിൻ്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ 'പുസ്തകത്തൊട്ടിൽ' എന്ന ആകർഷകമായ പരിപാടിക്ക് തുടക്കം കുറിച്ചു. വരും തലമുറകൾക്ക് അറിവ് പകരാൻ, വായിച്ചുകഴിഞ്ഞ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യം. നവംബർ 4 മുതൽ 8 വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്ഥാപിച്ചിരിക്കുന്ന പുസ്തകത്തൊട്ടിലിൽ ആർക്കും പുസ്തകങ്ങൾ നിക്ഷേപിക്കാം.
വീടുകളിൽ വായിച്ചശേഷം ഉപയോഗിക്കാതെ വെച്ചിരിക്കുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് അറിവ് പകരുന്ന വലിയ ശേഖരമായി മാറുന്നതിന് ഈ പദ്ധതി വഴിയൊരുക്കും. കഴിഞ്ഞ വർഷവും വിജയകരമായി സംഘടിപ്പിച്ച പുസ്തകത്തൊട്ടിൽ പരിപാടിയിലൂടെ പൂർവ്വ വിദ്യാർത്ഥികൾ നേരിട്ട് വീടുകളിലെത്തി 300-ഓളം പുസ്തകങ്ങൾ ശേഖരിച്ചിരുന്നു. ഈ വർഷം ഓഡിറ്റോറിയത്തിലെ തൊട്ടിലിലൂടെ കൂടുതൽ പുസ്തകങ്ങൾ പ്രതീക്ഷിക്കുന്നു.
മുൻ ചീഫ് സെക്രട്ടറിയും പൊതുവ്യക്തിത്വവുമായ ജിജി തോംസൺ, ഡോ. കെ ശബരിനാഥ്, ആർക്കിടെക്ട് ജി. ശങ്കർ, ഗഗൻയാൻ പദ്ധതിയുടെ മുൻ ഡയറക്ടർ ഉമാ മഹേശ്വരൻ, ആക്കുളം ഭൗമശാസ്ത്ര കേന്ദ്രത്തിലെ മുൻ സയന്റിസ്റ്റ് ജി. ശങ്കർ, എൻ.എസ്. പണിക്കർ, പ്രഫുല്ല ചന്ദ്രൻ നായർ, എസ്.യു. രാജീവ് എന്നിവരടക്കം സ്കൂളിലെത്തി പുസ്തകത്തൊട്ടിലിൽ തങ്ങളുടെ സംഭാവനകൾ നിക്ഷേപിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രസിഡണ്ട് ഡോ. എ. സമ്പത്ത്, ഡോ. പ്രകാശ് സി.പി, പുസ്തകത്തൊട്ടിൽ കമ്മിറ്റി കൺവീനർ വി. ബിന്ദു, ഗിരീഷ് കുമാർ, ബീന, ഷൺമുഖം, അരുൺ സുധാകർ തുടങ്ങിയവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.