
തിരുച്ചിറപ്പള്ളി: കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള തീവ്ര ശ്രമം 47 മണിക്കർ പിന്നിട്ടു. കുഴൽക്കിണറിന് ഒരു മീറ്റർ അകലെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രം എത്തിച്ചു. നാഗപട്ടണത്ത് നിന്നാണ് യന്ത്രം എത്തിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് കുട്ടി കുഴൽക്കിണറിൽ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് അപകടം. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാൽ സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ഒഎൻജിസിയിൽ നിന്ന് എത്തിച്ച റിഗ് റിംഗ് മെഷീൻ ഉപയോഗിച്ചാണ് കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുക്കുന്നത്. പുലർച്ചെ ആറ് മണി മുതലാണ് സമാന്തര കുഴിയെടുക്കാനുള്ള ഡ്രില്ലിംഗ് തുടങ്ങിയത്. എന്നാൽ, ഇത് പ്രാവർത്തികമായില്ലെങ്കിൽ കുഞ്ഞിനെ റോബോട്ടിക് ആംസ് ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് തമിഴ്‍നാട് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
കുട്ടിയെ പുറത്തെടുക്കുന്നത് വൈകും തോറും ജനരോഷം ആളിപ്പടരുകയാണ്. ഇത് സർക്കാരിനെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. രണ്ട് മന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇവിടെയുണ്ട്. ചീഫ് സെക്രട്ടറിയും അപകട സ്ഥലത്ത് ക്യാംപ് ചെയ്തിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam