പുറം ലോകത്തെത്താൻ ഗവിക്കാർക്ക് ദുരിതയാത്ര: തകർന്നു കിടക്കുന്നത് രണ്ട് റോഡുകൾ

By Web TeamFirst Published Nov 3, 2019, 3:43 PM IST
Highlights

പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള റോഡുകൾ തകർന്നു തരിപ്പണമായി. ഇതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് നാട്ടുകാരും സഞ്ചാരികളും

പത്തനംതിട്ട: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള റോഡുകൾ തകർന്നു തരിപ്പണമായി. ഇതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് നാട്ടുകാരും സഞ്ചാരികളും. 60 കിലോമീറ്റർ ദൈർഘ്യമുള്ള ആങ്ങാമൂഴി-ഗവി പാതയും കുമളിയിലേക്കുള്ള രണ്ടാമത്തെ പാതയും ഒരു പോലെ തകർന്നു തരിപ്പണമായി.

ഗവിക്കാർക്ക് പുറം ലോകത്തെത്താൻ ഉള്ളത് രണ്ട് റോഡുകളാണ്. ആങ്ങാമൂഴിയിലെത്താൻ 60 കിലോമീറ്റർ സഞ്ചരിക്കണം. ഈ റോഡിലെ 20 കിലോമീറ്ററോളം ഭാഗം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കൊച്ചുപമ്പക്ക് സമീപം വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇടുക്കി ജില്ലയിലെ കുമളിയിലേക്ക് പോകാനുള്ള റോഡും ഭാഗികമായി തകർന്നു. എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശുപത്രിയിലേക്കുള്ള യാത്രയാണ് ഏറെ ദുരിതം വിതക്കുന്നത്.

ഗവിയിലെത്തുന്ന സഞ്ചാരികളും റോഡിനെ കുറിച്ച് പരാതിപ്പെടുകയാണ്. പ്രളയാനന്തരം റോഡ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും കൂടുതൽ തകർന്ന ഭാഗങ്ങൾ ഒഴിവാക്കിയെന്ന് നാട്ടുകാർ പറയുന്നു. നിർമ്മാണത്തിലെ ക്രമേക്കേടും റോഡ് തകരാനുള്ള കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വനമേഖലയിൽ വെള്ളം കൂടുതൽ ഒഴുകി എത്തുന്നതിനാലാണ് റോഡ് നശിക്കുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വാദം. ബിഎം ആൻഡ് ബിസി രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ റോഡ് ടാർ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 

click me!