കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക് നയിക്കുന്ന 'ഡിജി കേരളം' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സംസ്ഥാന പക്ഷിയായ വേഴാമ്പലിനെ മാസ്കോട്ടായി തിരഞ്ഞെടുത്തു.

തിരുവനന്തപുരം: കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക് നയിക്കുന്ന 'ഡിജി കേരളം' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ആവേശം പകരാൻ മാസ്കോട്ട് വരുന്നു. സംസ്ഥാന പക്ഷിയായ വേഴാമ്പലിനെയാണ് പദ്ധതിയുടെ മാസ്കോട്ടായി തിരഞ്ഞെടുത്തത്. ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറി എത്തുന്ന രണ്ട് വേഴാമ്പലുകൾക്ക് അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് നാമകരണ മത്സരം പ്രഖ്യാപിച്ചു. 

ഡിജിറ്റൽ സാക്ഷരത, കേരളീയ സംസ്കാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സൈബർ സുരക്ഷ എന്നിവയെ പ്രതിഫലിപ്പിക്കുന്ന ലളിതവും അർത്ഥവത്തുമായ രണ്ട് പേരുകളാണ് സർക്കാർ തേടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പേരുകൾ ഡിജി കേരളം 2.0-യുടെ ഔദ്യോഗിക പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമാകും. കേരളത്തിന്റെ തനിമയും ആധുനികതയും ഒരുപോലെ ഉൾക്കൊള്ളുന്ന പേരുകൾക്ക് മുൻഗണന നൽകും.

താല്പര്യമുള്ളവർ തങ്ങളുടെ നിർദ്ദേശങ്ങൾ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം *pdschemes@gmail.com* എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. *ഫെബ്രുവരി 13* ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. കേരളത്തിന്റെ ഡിജിറ്റൽ വിപ്ലവത്തിന്റെ ചരിത്രഭാഗമാകാൻ ഈ സർഗ്ഗാത്മക മത്സരത്തിൽ പങ്കുചേരണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.