
വയനാട്: സിപിഎം നിയന്ത്രണത്തിൽ വയനാട് ആസ്ഥാനമായുള്ള ബ്രഹ്മഗിരി ഡെവലെപ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപകർ പരസ്യപ്രതിഷേധത്തിലേക്ക്. ഞായറാഴ്ച വയനാട്ടിൽ കൺവെൻഷൻ വിളിച്ചുചേർത്ത് എതിർപ്പ് പരസ്യമാക്കാനാണ് സിപിഎം പ്രവർത്തകർ ഉൾപ്പെടുന്ന നിക്ഷേപകരുടെ ഒരുക്കം. പാർട്ടി ഉറപ്പ് പാഴായതോടെയാണ് പരസ്യപ്രതിഷേധത്തിന് നിക്ഷേപകർ ഒരുങ്ങുന്നത്.
കോർപറേറ്റ് സംരംഭങ്ങൾക്ക് ബദലായി കർഷകരുടെ നേതൃത്വത്തിലാണ് ബ്രഹ്മഗിരി ഡെവലെപ്മെൻറ് സൊസൈറ്റിയുടെ തുടക്കം. എന്നാൽ, രണ്ടുവർഷമായി സൊസൈറ്റി വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. ചെറുതും വലുതുമായി പാർട്ടി പ്രവർത്തകരിൽ നിന്നും പാർട്ടി അനുഭാവികളായ സർവീസ് പെൻഷനേഴ്സിൽ നിന്നും വാങ്ങിയ നിക്ഷേപത്തിൻ്റെ മുതലും പലിശയും മുടങ്ങി. തൊഴിലാളികളുടെ കൂലി തെറ്റി.
കേരള ചിക്കൻ പദ്ധതിയിൽ ഉൾപ്പെട്ട കർഷകരോടു കടം പറയേണ്ട അവസ്ഥയിലെത്തി. ബാങ്ക് ലോണുകളുടെ തിരിച്ചടവും താളംതെറ്റി. എല്ലാവരും പ്രതീക്ഷയോടെ കണ്ട സ്ഥാപനത്തിന് ഇപ്പോഴുള്ളത് ബാധ്യതാ സൊസൈറ്റിയെന്ന മേൽവിലാസം മാത്രമാണ്.
ആദ്യം കേരള ചിക്കൻ പദ്ധതിയിൽ പണമിറക്കിയവരുടെ കഥയറിയാം. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 96 കർഷകർ കേരള ചിക്കനുമായി സഹകരിച്ചു. ഒരു കോഴിക്ക് 130 രൂപ കരുതൽ ധനം വാങ്ങി. മൂന്നരക്കോടി രൂപ ഇങ്ങനെ സമാഹരിച്ചു. പൊള്ളാച്ചിയിൽ ഹാച്ചറി വാടകയ്ക്ക് എടുത്തും പാലക്കാട് ബ്രീഡർ ഫാം തുടങ്ങിയും ബ്രഹ്മഗിരി കേരള ചിക്കൻ പദ്ധതിയുടെ പ്രധാന നിർവഹണ ഏജൻസി ആയി മാറി. കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, വെറ്റിനറി ഡോക്ടരുടെ സേവനം എല്ലാം വാദ്ഗാനം ചെയ്തിരുന്നു. കിലോയ്ക്ക് ശരാശി പത്തുരൂപ നിരക്കിൽ കോഴി തിരികെ വാങ്ങി, സംസ്കരിച്ചു മലബാർ മീറ്റെന്ന പേരിൽ വിപണിൽ ഇറക്കി.
തുടക്കത്തിൽ കേരള ചിക്കൻ പദ്ധതി ബ്രഹ്മഗിരി ഡവലെപ്മെൻ്റ്സൊസൈറ്റി വഴി ഉഷാറായി നടന്നു. പിന്നീട് ക്ഷീണിച്ചു. പദ്ധതിയില്‍നിന്ന് പിന്മാറുമ്പോള്‍ കരുതൽതുക തിരികെ നല്‍കുമെന്നായിരുന്നു വ്യവസ്ഥ. അത് ലംഘിച്ചു. കർഷകർക്കും സൊസൈറ്റിക്കും സബ്സിഡി നൽകുമെന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്. പക്ഷേ, 6 കോടി 96 ലക്ഷം രൂപയുടെ സബ്സിഡി ഇതുവരെ സർക്കാർ നൽകിയിട്ടില്ല. സ്വകാര്യ സംഭരങ്ങൾക്ക് ബദലായി പാർട്ടി വളർത്തിയ സഹകരണ സംവിധാനം പ്രതിസന്ധി നേരിടുമ്പോൾ, സിപിഎമ്മിനോ, സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാരിനോ ഒരു കൂസലുമില്ല.