
കൊച്ചി: ഒന്നര ദിവസം പിന്നിട്ടിട്ടും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനായില്ല. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധി. ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവിയും തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷവും തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനിടെ നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചു.
ഒന്നര ദിവസത്തിന് ശേഷവും ബ്രഹ്മപുരത്തെ മാലിന്യ മലയിലെ തീ കത്തിപ്പടരുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകൾ കെടാത്തതാണ് പ്രതിസന്ധി. അഗ്നിരക്ഷ സേനയ്ക്കൊപ്പം നാവിക സേനയുടെയും ബിപിസിഎല്ലിന്‍റെയും ചേർത്ത് 25 യൂണിറ്റുകൾ തീ അണയ്ക്കാൻ ബ്രഹ്മപുരത്തുണ്ട്. ഒപ്പം നാവിക സേന എഎല്‍എച്ച്, സീ കിംഗ് ഹെലികോപ്റ്ററുകളിലെത്തി വെള്ളം തളിയ്ക്കുന്നുണ്ട്. 600 ലിറ്റർ വെള്ളമാണ് ഒറ്റത്തവണ ആകാശത്ത് നിന്നൊഴിയ്ക്കുന്നത്.
ഇന്നലെ പകൽ കെടുത്തിയ തീ രാത്രി മാലിന്യകൂന്പാരത്തിൽ വീണ്ടും ആളിപ്പടർന്നു. ഇതോടെ ബ്രഹ്മപുരത്ത് നിന്നുള്ള പുക രാവിലെ കൊച്ചി നഗരത്തിലെ വൈറ്റില മുതൽ തേവര വരെയുള്ള മേഖലകളിലേക്ക് പിന്നെയുമെത്തി. ബ്രഹ്മപുരത്തേക്ക് മാലിന്യവണ്ടികൾ കയറ്റാനാകാത്തതിനാൽ നഗരത്തിലെ വീടുകളിലും ഫ്ലാറ്റുകളിലും നിന്ന് മാലിന്യം ശേഖരിക്കുന്നത് നിർത്തി. തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടാനാണ് തീരുമാനം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന ജില്ലഭരണകൂടം ഇതുസംബന്ധിച്ച് വ്യോമസേനയുമായി ചർച്ച തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam