
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെയുണ്ടായ അക്രമണത്തില്‍ എസ്എഫ്ഐക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഏഷ്യാനെറ്റ് ബ്യൂറോയിലേക്ക് അതിക്രമിച്ചു കയറിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവുമാണ്. സിപിഎമ്മിന്‍റെ കൊള്ളരുതായ്മകൾക്കെതിരെ നിരന്തരം ക്യാമറ തിരിക്കുന്ന ചാനലിനെ നിശബ്ദമാക്കാനുള്ള ശ്രമമാണിതെന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എക്സൈസ് മന്ത്രി എംബി രാജേഷ് അഭിനന്ദിച്ച റിപ്പോര്‍ട്ടിന്‍റെ പേരിലാണ് ഇപ്പോള്‍ നടക്കുന്ന അതിക്രമം. എസ്എഫ്ഐ എന്നത് സിപിഎമ്മിന് വേണ്ടി അനുവാദമില്ലാതെ സ്ഥാപനങ്ങളിൽ വലിഞ്ഞു കയറാനുള്ള പോഷക സംഘടനയാണോ ? ഒരിക്കൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലും ഇതു പോലെ വലിഞ്ഞു കയറി അക്രമം അഴിച്ചു വിട്ടിരുന്നത് കൊണ്ട് ചോദിച്ചതാണ്- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
ഏഷ്യാനെറ്റ് ബ്യൂറോയിൽ അതിക്രമം കാട്ടിയ എസ്എഫ്ഐയോട് 9 ചോദ്യങ്ങൾ ...
ഏഷ്യാനെറ്റിൽ വന്ന ഒരു റിപ്പോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എസ്എഫ്ഐക്കാർ ഏഷ്യാനെറ്റ് ബ്യൂറോയിലേക്ക് അതിക്രമിച്ചു കയറിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവുമാണ്. ഏഷ്യാനെറ്റ് വിമർശിക്കപ്പെടുവാൻ പാടില്ലേ? തീർച്ചയായും വിമർശിക്കപ്പെടണം, ഓഡിറ്റ് ചെയ്യപ്പെടുകയും വേണം. പക്ഷേ അതിന്റെ പേരിൽ ആ സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കടന്നു കയറുന്നത് ശുദ്ധ തോന്നിവാസമാണ്. എസ്എഫ്ഐ എന്നത് സിപിഎമ്മിന് വേണ്ടി അനുവാദമില്ലാതെ സ്ഥാപനങ്ങളിൽ വലിഞ്ഞു കയറാനുള്ള പോഷക സംഘടനയാണോ? മുൻപ് ഒരിക്കൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലും ഇതു പോലെ വലിഞ്ഞു കയറി അക്രമം അഴിച്ചു വിട്ടിരുന്നത് കൊണ്ട് ചോദിച്ചതാണ്. വിഷയത്തിലേക്ക് വന്നാൽ ചില ചോദ്യങ്ങളാണ് ഉള്ളത്.
1) ഏഷ്യാനെറ്റ് റിപ്പോർട്ടർ ചെയ്ത സ്റ്റോറി ലഹരി മാഫിയയ്ക്ക് എതിരെയുള്ളതാണ്. അതിൽ സിപിഎമ്മിനോ എസ്എഫ്ഐക്കോ പങ്കുള്ളതായി ഒന്നും പറയുന്നില്ല. ലഹരി മാഫിയ കേരളത്തിലെ യുവ സമൂഹത്തെ ലഹരിയുടെ കെണിയിൽ വീഴ്ത്തുന്നതിനെതിരായ ഒരു ജാഗ്രത ക്യാംപെയിൻ ചെയ്തതിൽ എന്തിനാണ് എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന അസ്വത്ഥപ്പെടുന്നത് ?
2) അതും സിപിഎമ്മിലെയും എസ്എഫ്ഐയിലെയും ഒക്കെ ചില നേതാക്കൾ ലഹരിക്കടത്ത് ആരോപണത്തിൽ നില്ക്കുന്ന കാലത്തെ ഈ സമരം നിങ്ങളെ കൂടുതൽ സംശയത്തിന്റെ നിഴലിൽ നിർത്തില്ലെ?
3) നൗഫൽ ചെയ്തത് വ്യാജ വാർത്തയാണെങ്കിൽ പിന്നെ എന്തിനാണ് ആ റിപ്പോർട്ടിനെ എക്സൈസ് മന്ത്രി എംബി രാജേഷ് അന്ന് അഭിനന്ദിച്ചത്?
4) നൗഫൽ ചെയ്തത് വ്യാജ വാർത്തയാണെങ്കിൽ പിന്നെ എങ്ങനെയാണ് ആ കേസിലെ പ്രതിക്ക് എതിരായി പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് തലശ്ശേരി പ്രിൻസിപ്പൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു എന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറയുന്നത്?
5) എസ്എഫ്ഐ പറയുന്നത് പോലെ നൗഫലിന്റെ റിപ്പോർട്ട് വ്യാജമാണെങ്കിൽ പിണറായി പൊലീസ് ഏഷ്യാനെറ്റിനു വേണ്ടി ഏതോ നിരപരാധിക്ക് എതിരായി കളളക്കേസെടുത്ത് വ്യാജ കുറ്റപത്രം സമർപ്പിച്ചു എന്നാണോ?
6) എസ്എഫ്ഐ ആരോപണത്തിൽ നിന്ന് ഏഷ്യാനെറ്റിനെ സംരക്ഷിക്കുവാൻ പിണറായി വിജയൻ ഏഷ്യാനെറ്റിനു വേണ്ടി നിയമസഭയിൽ കള്ളം പറഞ്ഞതാണോ?
7) പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവ് തന്നെ വാർത്ത സ്ഥിരികരിച്ചിട്ടും ഈ വാർത്ത വ്യാജമാണെന്ന് എസ്എഫ്ഐ പറയുന്നതിന്റെ ആധികാരികതയും സോഴ്സും എന്താണ്? ഇനി ഇത് വ്യാജ വാർത്ത ആണെന്ന എസ്എഫ്ഐ വാദം അംഗീകരിച്ചാൽ നിങ്ങളുടെ വ്യാജ വാർത്ത വിരുദ്ധ പോരാട്ടം ഏഷ്യാനെറ്റിനോട് മാത്രമാണോ ?
9) വ്യാജ വാർത്തകളുടെ മലയാള മാതാവായ ദേശാഭിമാനി മുൻപ് ആന്തൂർ നഗരസഭ അധ്യക്ഷയും നിങ്ങളുടെ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യയുമായ ശ്യാമളയുടെ നഗരസഭ ഭരണ സമിതി കാരണം ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യയെ പറ്റി എഴുതിയ വ്യാജ വാർത്ത തൊട്ട് ടിപിയുടെ കൊലപാതകത്തെ പറ്റിയുള്ളതടക്കമുള്ള വ്യാജ വാർത്തകൾക്കെതിരെ നിങ്ങൾ സമരം ചെയ്യാഞ്ഞത് എന്താണ്?
അപ്പോൾ സംഭവം വാർത്തയും വ്യാജവുമൊന്നുമല്ല ഏഷ്യാനെറ്റും റിപ്പോർട്ടർ നൗഫലുമാണ്. നിങ്ങളുടെ കൊള്ളരുതായ്മകൾക്കെതിരെ നിരന്തരം ക്യാമറ തിരിക്കുന്ന ചാനലിനെ നിങ്ങൾക്ക് നിശബ്ദമാക്കണം. എന്നിട്ട് പുരപ്പുറത്ത് കയറി നിന്ന് മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി വിളിച്ചു കൂവണം. വല്ലാത്ത തൊലിക്കട്ടിയുള്ള ഒരു പാർട്ടി തന്നെ!
Read More : 'ഇത് കടന്നുകയറ്റം'; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്ഐ അതിക്രമത്തിനെതിരെ മാധ്യമ ലോകം, വ്യാപക പ്രതിഷേധം
Read More : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: എസ്എഫ്ഐയുടെ പ്രതിഷേധമെന്ന് എംവി ഗോവിന്ദൻ, വിഷയമറിയില്ലെന്ന് ധനമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam