
കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യകൂനകൾ കത്തിയുരുകുമ്പോൾ പ്ലാസ്റ്റിക്ക് സംസ്കരണത്തിന് കരാറെടുത്ത സോൺട ഇൻഫ്രാടെക്ക് എന്ന കമ്പനിക്ക് മേലും ചോദ്യങ്ങളുയരുകയാണ്. 2022 അവസാനം ബയോമൈനിംഗ് പൂർത്തിയാക്കണമെന്ന വ്യവസ്ഥയുണ്ടായിട്ടും സംസ്കരണം നടന്നത് കാൽശതമാനം മാത്രമാണ്. സിപിഎം നേതാവായ വൈക്കം വിശ്വന്‍റെ മകളുടെ ഭർത്താവ് രാജ് കുമാർ ചെല്ലപ്പൻ പിള്ള എംഡിയായ സ്ഥാപനത്തിന് കരാർ നൽകിയത് മുതൽ സർക്കാർ വഴിവിട്ട് സഹായം നൽകുന്നുവെന്ന് മുൻ മേയർ ടോണി ചമ്മണി ആരോപിച്ചു.
ബ്രഹ്മപുരത്തെ 5,51,903 മെട്രിക്ക് ക്യൂബ് പ്ലാസ്റ്റിക്ക് മാലിന്യത്തിന്‍റെ ബയോ മൈനിംഗിന് കരാറെടുത്തത് ബംഗലുരു ആസ്ഥാനമായ സോണ്‍ട ഇൻഫ്രാടെക്കാണ്. 2022 ജനുവരിയിൽ തുടങ്ങി സെപ്റ്റംബറിൽ അവസാനിക്കുന്നതായിരുന്ന 54 കോടിയുടെ കരാർ. എന്നാൽ ഇക്കാലയളവിൽ 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് പൂർത്തിയാത്. കരാർ കാലയളവിൽ ഉണ്ടായ മഴ പ്രവൃത്തികളെ ബാധിച്ചു എന്ന് ചൂണ്ടികാട്ടിയാണ് കാലാവധി നീട്ടികിട്ടിയത്. അപ്പോഴും പ്രതീക്ഷിച്ചത്ര വേഗതയിൽ പ്രവൃത്തികൾ നടക്കുന്നില്ല എന്ന പരാതി കൊച്ചി കോർപ്പറേഷനും ഉയർത്തിയിരുന്നു. കമ്പനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ടോണി ചമ്മണി രംഗത്തെത്തിയതിന് പിന്നാലെയുണ്ടായ തീപിടുത്തം ദുരൂഹമെന്നാണ് പ്രതിപക്ഷ ആരോപണം. 2020ൽ ബ്രഹ്മപുരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ സംസ്കരണത്തിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപ്പറേഷനാണ് കരാർ ക്ഷണിച്ചത്. 25 കോടിയുടെ വാർഷിക ടേണോവറും ബയോമൈനിഗ് വഴിയുള്ള മാലിന്യ സംസ്കരണത്തിൽ പത്ത് കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കിയതിന്‍റെ അനുഭവ പരിചയവുമായിരുന്നു യോഗ്യത.
സോണ്‍ട ഇൻഫ്രാടെക്ക് ആദ്യം ഹാജരാക്കിയ രേഖയിൽ തിരുനെൽവേലി കോർപ്പറേഷനിൽ കമ്പനി ഖര മാലിന്യ സംസ്കരണത്തിനായി ചെലവഴിച്ചതിലെ ടോട്ടൽ കോണ്‍ടാക്ട് വാല്യു 8,56,71,840 രൂപയാണ്.എന്നാൽ ഇത് കെഎസ്ഐഡിസി തള്ളി. തൊട്ടു പിന്നാലെ വീണ്ടും കരാർ ക്ഷണിച്ചപ്പോൾ ഇതേ പദ്ധതി പത്ത് കോടി രൂപക്ക് പൂർത്തിയാക്കിയതിന്‍റെ രേഖ സോണ്‍ട ഇൻഫ്രാടെക്ക് ഹാജരാക്കി.പിന്നാലെ കരാറും ലഭിച്ചു.ആദ്യം കമ്പനിക്ക് സർട്ടിഫിക്കറ്റ് നൽകിയത് തിരുനെൽവേലി മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ആയിരുന്നെങ്കിൽ രണ്ടാമത് സർട്ടിഫിക്കറ്റ് നൽകിയത് മുൻസിപ്പൽ എഞ്ചിനീയറാണ്. ഇതടക്കം അപാകതകൾ പരിശോധിക്കാതെ കെഎസ്ഐഡിസി കരാർ നൽകിയതിലാണ് ഒത്തുകളി ആരോപണം.
പദ്ധിയുമായി ബന്ധപ്പെട്ട് ഇതുവരെ 11കോടിയാണ് സോണ്‍ട ഇൻഫ്രാടെക്കിന് അനുവദിച്ചിട്ടുള്ളത്.2022 ജനുവരിൽ ആദ്യഘട്ടമായി ഏഴ് കോടി നൽകിയത് സംസ്ഥാന സർക്കാരാണ്.രണ്ടാംഘട്ടത്തിൽ എട്ട് കോടി ആവശ്യപ്പെട്ട് കമ്പനി സർക്കാരിനെ സമീപിച്ചെങ്കിലും കൊച്ചി കോർപ്പറേഷൻ എതിർത്തു.എന്നാൽ തദ്ദേശ വകുപ്പ് കൊച്ചി കോർപ്പറേഷനോട് നാല് കോടി അനുവദിക്കാൻ നിർദ്ദേശിച്ചു. മാലിന്യത്തിൽ നിന്നും ഉത്ഭവിക്കുന്ന മീഥെയ്ൻ ഗ്യാസിൽ നിന്നും തീപടർന്നതാകാമെന്നും തങ്ങളുടെ പ്രവൃത്തി മേഖലയിൽ അല്ല തീപിടുത്തം ഉണ്ടായതെന്നാണ് സോണ്‍ട ഇൻഫ്രാടെക്ക് വ്യക്തമാക്കുന്നത്.കരാർ നേടിയത് ചട്ടപ്രകാരമാണെന്നും അന്വേഷണങ്ങളോട് സഹകരിക്കുമെന്നും മാനെജ്മെന്‍റ് വ്യക്തമാക്കി.
തീപിടുത്തമുണ്ടായപ്പോൾ കോർപ്പറേഷന്‍റെയോ കരാറെടുത്ത കമ്പനിയുടെയോ അഗ്നിരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചില്ല എന്നത് ഗുരുതര വീഴ്ചയാണ്.എവിടെയാണ് തീപിടുത്തം ആദ്യം ഉണ്ടായത് ഈ തീപിടുത്തം കൊണ്ട് ആർക്ക് നേട്ടം എന്നതിലെ SS അന്വേഷണങ്ങളിലാണ് സംശയങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി കിട്ടേണ്ടത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ അഗ്നിബാധയിൽ സ്വമേഥയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് സമഗ്ര പരിഹാരം കാണാൻ എന്തൊക്കെ ചെയ്യാമെന്ന് മറുപടി നൽകാൻ സർക്കാരിനോടും കോർപറേഷനോടും പൊല്യൂഷൻ കൺട്രോൾ ബോർഡിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കലക്ടറും കോർപറേഷൻ സെക്രട്ടറിയും അടക്കമുളളവർ കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാകണം.