
തിരുവനന്തപുരം: മെഡിക്കൽ ഓഫീസർ നിയമനത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന പരാതി ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസ് ഇന്നും കന്‍റോൺമെന്‍റ് സ്റ്റേഷനിൽ ഹാജരായില്ല. ഇദ്ദേഹത്തെ ഫോണിലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അഭിഭാഷകന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറി നില്‍ക്കുന്നു എന്നാണ് ഹരിദാസിന്റെ കുടുംബം പറയുന്നത്. ഇതേത്തുടര്‍ന്ന് ഹരിദാസിന്റെ മൊഴിയിലും ദുരൂഹത ഉണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.
ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ മറവിൽ നടന്ന നിയമന തട്ടിപ്പിൽ ആദ്യ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മുഖ്യപ്രതി അഖിൽ സജീവിന്‍റെ സുഹൃത്തും കോഴിക്കോട്ടെ അഭിഭാഷകനുമായ റഹീസിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകൾക്ക് ഉടൻ ജോലി ലഭിക്കുമെന്ന് ആരോഗ്യകേരളത്തിന്റെ പേരിൽ വ്യാജ ഈമെയിൽ സന്ദേശം അയച്ചത് അഖിൽ സജീവും റഹീസും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തി. റഹീസിന്റ ഫോണിൽ നിന്നാണ് വ്യാജ ഈ മെയിൽ അയച്ചിരിക്കുന്നത്. അഖിൽ സജീവിനെ റഹീസിന് പരിചയപ്പെടുത്തിയത് കോഴിക്കോട് സ്വദേശിയും മുൻ എസ്ഫ്ഐ നേതാവുമായ ലെനിൻ ആയിരുന്നു.