'തുടര്‍ചികിത്സയ്ക്കായി തൃശൂര്‍ ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൈക്കൂലി നൽകേണ്ടി വന്നു'; ഗുരുതര ആരോപണവുമായി സനൂപിന്‍റെ അമ്മ

Published : Feb 25, 2026, 07:34 AM ISTUpdated : Feb 25, 2026, 07:43 AM IST
sanoop treatment lapse

Synopsis

ചികിത്സ പിഴവിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ കണ്ണിലെ കൃഷ്ണമണികൾ നീക്കേണ്ടിവന്നുവെന്ന പരാതിയിൽ വെളിപ്പെടുത്തലുമായി സനൂപിന്‍റെ കുടുംബം. തുടര്‍ചികിത്സയ്ക്കായി തൃശൂര്‍ ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ക്ക് പണം നൽകേണ്ടിവന്നുവെന്ന് സനൂപിന്‍റെ അമ്മ

തൃശൂര്‍: ചികിത്സ പിഴവിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് കണ്ണിലെ കൃഷ്ണമണികൾ നീക്കേണ്ടി വന്നുവെന്ന തൃശൂർ തൃക്കൂർ സ്വദേശി സനൂപിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ കൂടുതൽ വെളിപ്പെടുത്തൽ. തുടർചികിത്സയ്ക്കായി എത്തിയ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി സനൂപിന്‍റെ അമ്മ വത്സല രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിലാണ് സനൂപിന്‍റെ അമ്മ ഡോക്ടര്‍ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചത്. സൗജന്യമായി മരുന്ന് ലഭിക്കുന്നതിനായി ഡോക്ടറുടെ ഒപ്പ് വേണമായിരുന്നു. ഇതിനായാണ് തൃശൂര്‍ ജില്ലാ ജനറൽ ആശുപത്രിയിലെത്തിയത്. 

ഒപ്പിടേണ്ട ഫയലുകളുമായി ഡോ. പ്രവീണിന്‍റെ മുറിയിലേക്ക് കയറിച്ചെന്നപ്പോള്‍ ഒരു സ്ത്രീ 200 രൂപ ഡോക്ടർക്ക് കൊടുക്കുന്നതാണ് കണ്ടത്. ഇത് കണ്ടെന്ന് അറിഞ്ഞതോടെ തന്‍റെ കയ്യിലിരുന്ന ഫയലുകൾ ഡോക്ടർ വലിച്ചെറിഞ്ഞെന്ന് സനൂപിന്‍റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അനുവാദമില്ലാതെ മുറിയിൽ പ്രവേശിച്ചു എന്ന് പറഞ്ഞ് നഴ്സുമാരും ഡോക്ടറും ചേർന്ന് ശാസിച്ചു. പത്തു മണിക്കുള്ളിൽ ഫയലിൽ ഒപ്പിട്ട് നൽകണമെന്ന് പറഞ്ഞപ്പോൾ, നേഴ്സ് ഡോക്ടറുടെ ഒപ്പ് വാങ്ങിതരുകയായിരുന്നു. എന്നാൽ, പണം നൽകാതെ ഡോക്ടർ ചികിത്സിക്കാൻ വരില്ലെന്ന് സമീപത്തുള്ള രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. മൂന്ന് ദിവസം പിന്നിട്ടിട്ടും മകനെ തിരിഞ്ഞ് നോക്കാതെ വന്നപ്പോൾ, തൃശ്ശൂർ ടൗണിൽ ഉള്ള ഡോക്ടർ പ്രവീണിന്‍റെ ക്ലിനിക്കിൽ എത്തി 1500 രൂപ നൽകുകയായിരുന്നുവെന്നും വത്സല പറഞ്ഞു. നാട്ടുകാർ സനൂപിനെ കാണാൻ വരുമ്പോൾ ചായയ്ക്കായി ഞങ്ങൾക്ക് നൽകിയ പത്തും അമ്പതും നുള്ളിപ്പെറുക്കിയാണ് ഡോക്ടർക്ക് കൊടുത്തതെന്നും പണം നൽകി പിറ്റേദിവസമാണ് ഡോക്ടർ സനൂപിനെ നോക്കാൻ വന്നതെന്നും സനൂപിന്‍റെ അമ്മ പറഞ്ഞു.

 

 

സനൂപിന് സംഭവിച്ചത്

 

ഇന്നലെയാണ് തൃശൂര്‍ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി സനൂപും കുടുംബും രംഗത്തെ്തിതയ്ത. 2023ൽ കാൽ മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയ സനൂപിന്‍റെ ഇരുകണ്ണുകളും നഷ്ടമായെന്നാണ് പരാതി. മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന് സനൂപിനും കുടുംബത്തിനും ഇനിയും മനസ്സിലായിട്ടില്ല. അച്ഛനും അമ്മയും ഒന്നാം ക്ലാസുകാരനായ മകനും അടങ്ങുന്ന കൊച്ചു കുടുംബത്തിന്‍റെ എല്ലാമായിരുന്നു സനൂപ്. ടൈൽസ് പണിക്ക് പോയാണ് സനൂപ് കുടുംബം നോക്കിയിരുന്നത്. മുട്ടുവേദന കുത്തിയിരുന്ന് ജോലിയെടുക്കുന്നതിന് തടസ്സമായി മാറിയതോടെ ചികിത്സിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് സ്വന്തമായി ബൈക്ക് ഓടിച്ചാണ് സനൂപ് പോയത്. എന്നാൽ, ആ യാത്ര എന്നെന്നേക്കുമായുള്ള, കൂരിരുട്ടിലേക്കാകുമെന്ന് സനൂപ് കരുതിയില്ല. ആശുപത്രിയുടെ തറയിൽ കിടത്തി ആദ്യം മുട്ടുവേദനയ്ക്കുള്ള ചികിത്സ തുടങ്ങി. കയ്യിൽ ക്യാനുല ഇട്ട സ്ഥലത്ത് വേദനയും തടിപ്പും അനുഭവപ്പെട്ടതോടെ നഴ്സുമാരോട് പറഞ്ഞെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. 

അപ്പോഴേക്കും കയ്യിൽ ആകെ അണുബാധ പടർന്നിരുന്നു. ഓർമ്മ മങ്ങി, വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നു തുടങ്ങിയപ്പോൾ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. സനൂപിന്‍റെ രോഗാവസ്ഥയെക്കുറിച്ച് ആശുപത്രി അധികൃതർ കുടുംബത്തോട് ഒന്നും പറഞ്ഞില്ല. പിന്നീട് കണ്ണിന് ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചു. ശസ്ത്രക്രിയയ്ക്കായുള്ള സമ്മതപത്രത്തിൽ അബോധാവസ്ഥയിൽ ആയിരുന്ന മകന്‍റെ കൈ കൈക്കൂട്ടിപ്പിടിച്ച് സനൂപിന്‍റെ അമ്മ വത്സല ഒപ്പിടീപ്പിച്ചു. ഇരു കൃഷ്ണമണികളും നീക്കം ചെയ്യാനായുള്ള ശസ്ത്രക്രിയ ആണെന്ന് എഴുത്തും വായനയും അറിയാത്ത വത്സലയ്ക്ക് മനസ്സിലായില്ല. ആരും പറഞ്ഞും നൽകിയില്ല. ശസ്ത്രക്രിയയ്ക്കുശേഷം കണ്ണിന്‍റെ കെട്ട് അഴിച്ചപ്പോഴാണ് കുടുംബവും സനൂപും ഈ വിവരം അറിയുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ ജില്ലാ ആശുപത്രിയിലേക്ക് മാറാൻ ആവശ്യപ്പെട്ടു. എന്നാൽ, അപ്പോഴും സ്വയം ആവശ്യപ്പെട്ട തുകൊണ്ടുള്ള ഡിസ്ചാർജ് എന്ന കള്ള രേഖയാണ് ഒപ്പം കൊടുത്തയച്ചത്. 

ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്ക് ഡോക്ടറുടെ കാൽ പിടിക്കേണ്ടി വന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളെല്ലാം ആശുപത്രി അധികൃതർ വിട്ടു നൽകിയിരുന്നില്ല. പിന്നീട് വിവരാവകാശ നിയമത്തിലൂടെയാണ് ഇത് നേടിയെടുത്തത്. പോലീസിലും മുഖ്യമന്ത്രിക്ക് മടക്കം പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. സനൂപിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ സ്ഥലം മാറിപ്പോയതുകൊണ്ട് ചികിത്സയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പ്രായമായ അമ്മ അടുത്തുള്ള വീടുകളിൽ ജോലിക്ക് പോയാണ് ഇപ്പോൾ കുടുംബം പോറ്റുന്നത്. നീതി തേടി ഇനി എവിടെ പോകണം എന്നു പോലും അറിയാതെ ഒരു കുടുംബം ആകെ ഇരുട്ടിൽ കഴിയുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏതുനിമിഷവും നിലംപൊത്താം; രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭീഷണി, ഇടുക്കി ജില്ല ആശുപത്രിയിലെ കെട്ടിടം അപകടാവസ്ഥയിൽ
Malayalam News Live: ഏതുനിമിഷവും നിലംപൊത്താം; രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭീഷണിയായി ഇടുക്കി ജില്ല ആശുപത്രിയിലെ അപകടാവസ്ഥയിലുള്ള കെട്ടിടം