
കൊച്ചി : ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസ് ഇനി പരിഗണിക്കുക വിജിലൻസ് കോടതി. അഭിഭാഷകനായ സൈബി ജോസിനെതിരായ എഫ്ഐആർ വിജിലൻസ് കോടതിക്ക് കൈമാറി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉൾപ്പെടുന്നതിനാലാണ് വിജിലൻസ് കോടതിയിൽ എഫ്ഐആർ നൽകിയത്. അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതൽ കൈക്കൂലി വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
എന്നാല്‍ ജഡ്ജിമാരുടെ പേരില്‍ പണം വാങ്ങിയിട്ടില്ല. അന്വേഷണത്തിലൂടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആരോപണങ്ങള്‍ക്ക് പിന്നില്‍ വീടിനടുത്ത് താമസിക്കുന്ന വ്യക്തിയാണ്. വ്യക്തിവിദ്വേഷം മാത്രമാണ് ആരോപണത്തിന് പിന്നില്‍. തന്നെ കൊല്ലണമെന്ന് ആഗ്രഹിക്കുന്ന ചിലരാണ് ആരോപണം ഉയര്‍ത്തുന്നത്. താന്‍ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും സൈബി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
കൊച്ചി സെൻട്രൽ പൊലീസാണ് സൈബി ജോസിനെതിരെ കേസെടുത്തത്. ഐപിസി 420, അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഇത് സംബന്ധിച്ച ഡിജിപിയുടെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ഹൈക്കോടതി രജിസ്ട്രാറർ ജനറൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.