
കണ്ണൂര്‍: സില്‍വര്‍ ലൈനില്‍ (Silver Line) ഭിന്നതയില്ലെന്ന് പിബി അംഗം ബൃന്ദ കാരാട്ട് (Brinda Karat). സിപിഎം കേന്ദ്ര സംസ്ഥാന ഘടകങ്ങള്‍ തമ്മില്‍ ഭിന്നതയില്ല. ജനങ്ങളുടെ വികാരം മനസിലാക്കിയേ മുന്നോട്ട് പോകു. ഇന്ത്യ-ചൈന തര്‍ക്കത്തില്‍ കേന്ദ്രനിലപാടിനെ പിന്തുണയ്ക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
അതേസമയം സിപിഎം സ്വീകരിക്കേണ്ട രാഷ്ട്രീയ ലൈനെക്കുറിച്ച് പാർട്ടി കേന്ദ്ര നേതൃത്വത്തിലും ഭിന്നാഭിപ്രായമുണ്ടെന്നാണ് വിവരം. രാഷ്ട്രീയ സംഘടന റിപ്പോർട്ട് പിബി അംഗീകരിച്ചത് ബി വി രാഘവലു നല്‍കിയ ബദൽ നിർദ്ദേശം തള്ളിയെന്നാണ് സൂചന. വിശാല മതേതര കൂട്ടായ്മ എന്ന രാഷ്ട്രീയ അടവുനയം നടപ്പാക്കുന്നതിന് പകരം ഇടതു ജനാധിപത്യ ചേരി മതിയെന്ന നിർദ്ദേശമാണ് രാഘവലു മുന്നോട്ടു വച്ചത്.
സിപിഎം പാർട്ടി കോൺഗ്രസിനായുള്ള രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ അടവുനയം തുടരണം എന്ന നിർദ്ദേശമാണ് അവസാനം നല്‍കുന്നത്. ദേശീയതലത്തിൽ സാധ്യമായ വിശാല കൂട്ടായ്മയ്ക്കുള്ള ഇടം ഈ നിർദ്ദേശം നല്‍കുന്നു. എന്നാൽ ഈ രാഷ്ട്രീയ ലൈനിനോട് പൊളിറ്റ് ബ്യൂറോയിൽ എതിർപ്പുണ്ടായിരുന്നു എന്നാണ് സൂചന. ബി വി രാഘവലു നല്‍കിയ ബദൽ കുറിപ്പ് അംഗീകരിക്കാതെയാണ് കരട് രാഷ്ട്രീയ സംഘടന പൊളിറ്റ് ബ്യൂറോ റിപ്പോർട്ട് തയ്യാറാക്കിയത്.
സിപിഎം വിപ്ലവ പാർട്ടിയാണ്. പാർട്ടിയുടെ ശക്തി കൂട്ടുമ്പോൾ ഇടത് ജനാധിപത്യ ബദൽ എന്ന നയത്തിൽ ഉറച്ച് നില്‍ക്കണം. തല്‍ക്കാലം ഇടത് ജനകീയ മുന്നണി മാത്രം മതി എന്നായിരുന്നു നിർദ്ദേശം. രാഘവലുവിന്‍റെ കുറിപ്പ് തള്ളിയെങ്കിലും ചില നിർദ്ദേശങ്ങൾ സംഘടനാ റിപ്പോർട്ടിൽ ഉൾപ്പെടുത്തി. ഹൈദരാബാദിൽ ജനറൽ സെക്രട്ടറിയെക്കുറിച്ചുള്ള ഭിന്നത തുടർന്നപ്പോൾ യെച്ചൂരിക്ക് പകരം രാഘവലുവിന്‍റെ പേരാണ് ഒരു പക്ഷം മുന്നോട്ടു വച്ചത്. വിശാല മതേതര കൂട്ടായ്മ എന്ന നയം നടപ്പാക്കാൻ യെച്ചൂരി വേണം എന്ന വാദമാണ് എതിർപക്ഷം ഉന്നയിച്ചത്.
ഇടതുജനാധിപത്യ മുന്നണി മതി എന്ന കാഴ്ചപ്പാട് യെച്ചൂരിയുടെ അടവു നയത്തിന് എതിരായ നിലപാടാണ്. നേതൃത്വത്തിൽ യെച്ചൂരിയോടുള്ള എതിർപ്പ് ചിലർ തുടരുന്നു എന്ന സന്ദേശം രാഘവലുവിന്‍റെ ബദൽ കുറിപ്പ് നല്‍കുന്നു. എന്നാൽ ഇത്തവണ യെച്ചൂരിക്ക് ഒരു വട്ടം കൂടി നല്‍കണം എന്ന പാർട്ടിയിലെ ധാരണയ്ക്ക് മാറ്റം വരാൻ ഇടയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam