
കോട്ടയം: കണ്ണൂരിൽ നടക്കുന്നത് പാർട്ടി കോൺഗ്രസല്ല, കോൺഗ്രസ് വിരുദ്ധ സമ്മേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ സഹായിക്കാനുള്ള ചർച്ചകൾ നടക്കുന്നു. കേരളത്തിലെ സി പി എം ഒരു കാരണവശാലും കോൺഗ്രസുമായി സന്ധി ചെയ്യില്ല. കോൺഗസിന്റെ കൂടെ നിൽക്കാം എന്ന നിലപാട് എടുത്താൽ സിൽവർ ലൈന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകില്ലെന്ന് കരുതിയാണിതെന്നും വിഡി സതീശൻ പറഞ്ഞു.
കോൺഗ്രസ് വിരുദ്ധ ധാരണ കേരളത്തിലെ സിപിഎമ്മും ബിജെപിയും തമ്മിലുണ്ടെന്നും വിഡി സതീശൻ ആരോപിച്ചു. കോൺഗ്രസും ഇടത് കക്ഷികളും ഒരുമിച്ച് നിൽകണമെന്ന തീരുമാനം പർട്ടി കോൺഗ്രസിൽ ഉണ്ടാകില്ലെന്ന് കേന്ദ്ര ബിജെപി നേതൃത്വത്തിന് പിണറായി ഉറപ്പ് നൽകി. ഏത് ചെകുത്താനുമായും കൂട്ടുകൂടി കോൺഗ്രസിനെ തകർക്കണമെന്ന നിലപാടെടുത്ത പഴയകാല സി പി എം നേതാക്കളുടെ പിൻമുറക്കാരാണ് ഇപ്പോൾ നേതൃത്വത്തിൽ ഉള്ളതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
കോൺഗ്രസ് തകർന്നാലും ബിജെപി ജയിക്കണമെന്ന് കേരളത്തിലെ സിപിഎം നേതൃത്വം ആഗ്രഹിക്കുന്നു. അവരാണ് ഇന്ന് സി പി എം നേതൃത്വത്തിൽ ഉള്ളത്. പ്രൊഫ കെ വി തോമസിന്റെ കാര്യത്തിൽ കോൺഗ്രസ് പാർട്ടി ഉചിതമായ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ കെ പി സി സി നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സി പി എം ലോക്കൽ സെക്രട്ടറിക്ക് പാർട്ടി അനുമതി ഇല്ലാതെ കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയുമോയെന്നും കെ വി തോമസ് വിഷയത്തിൽ വിഡി സതീശൻ ചോദിച്ചു.
പാർട്ടി തീരുമാനം അനുസരികേണ്ട ബാധ്യത പാർട്ടി അംഗമെന്ന നിലയിൽ കെ വി തോമസിനുണ്ട്. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് എന്താണെന്ന് മുഖ്യമന്ത്രി പിണറായി അറിയുന്നില്ല. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ അതിക്രമങ്ങൾ നടക്കുന്നുണ്ട്. മയക്കുമരുന്ന് സംഘങ്ങൾ അഴിഞ്ഞാടുന്നത് സി പി എം - ഡി വൈ എഫ് ഐ നേതാക്കളുടെ പിന്തുണയോടെയാണെന്നും അപകടകരമായ നിലയിലേക്ക് സംസ്ഥാനം കൂപ്പുകുത്തിയെന്നും വി ഡി സതീശൻ വിമർശിച്ചു.