രാജി വാ‍ർത്തകൾ തള്ളി ബി.എസ്.യെദ്യൂരപ്പ: മോദിയേയും അമിത് ഷായേയും നദ്ദയേയും കണ്ടു ച‍ര്‍ച്ച നടത്തി

By Web TeamFirst Published Jul 17, 2021, 12:12 PM IST
Highlights

സംസ്ഥാനത്തിന് കൂടൂതൽ വികസന പദ്ധതികൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ അടക്കം കണ്ടതെന്ന് കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

ദില്ലി: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന വാ‍ർത്തകൾ തള്ളി ബി.എസ്.യെദിയൂരപ്പ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അ​​ദ്ദേഹത്തിൻ്റെ പ്രതികരണം. മകൻ ബി.വൈ. വിജയേന്ദ്രയ്ക്കൊപ്പം പ്രത്യേക വിമാനത്തിൽ ദില്ലിയിലെത്തിയാണ് യെദ്യൂരപ്പ മോദിയേയും അമിത് ഷായേയും കണ്ടത്. 

സംസ്ഥാനത്തിന് കൂടൂതൽ വികസന പദ്ധതികൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ അടക്കം കണ്ടതെന്ന് കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ തുടരുന്ന യെദിയൂരപ്പ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയേയും കണ്ടു. അടുത്ത തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിനുള്ള പ്രാരംഭ ച‍ർച്ചകൾ നടത്തിയതായി യെദിയൂരപ്പ നദ്ദയുമായുള്ള ച‍ർച്ചയുടെ ഫോട്ടോകൾ പങ്കുവച്ച് കൊണ്ട് പറഞ്ഞു. 

കഴിഞ്ഞ കുറേകാലമായി കർണാടക ബിജെപിയിൽ കലഹം രൂക്ഷമാണ്. യെദ്യൂരപ്പയുടെ ഭരണം പരാജയമാണെന്നും മുഖ്യമന്ത്രിയെ മുൻനിർത്തി മകൻ ബിവൈ വിജയേന്ദ്രയാണ് ഭരണം നിയന്ത്രിക്കുന്നതെന്നുമുള്ള ആരോപണം എതിർപക്ഷം രൂക്ഷമായി ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ മാസം ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് അടക്കം കർ‌ണാടകയിലെത്തി നേരിട്ട് നേതാക്കളെ കണ്ട് ചർച്ച നടത്തിയിരുന്നു. യെദിയൂരപ്പയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്ന നേതാക്കളുമായി അടക്കം അരുൺ സിങ് നേരിട്ട് ചർച്ച നടത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!