ബഫർ സോണ്‍ ചർച്ച; നിയമനടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

Published : Jun 30, 2022, 06:26 PM IST
ബഫർ സോണ്‍ ചർച്ച; നിയമനടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

Synopsis

സുപ്രീംകോടതിയിൽ റിവ്യു ഹർജി നൽകുന്നത് വേഗത്തിലാക്കും. ഏരിയൽ സർവ്വേ ഉടൻ തീർത്ത് ഉന്നതാധികാര സമിതിക്ക് റിപ്പോർട്ട് നൽകും. കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടും. 

തിരുവനന്തപുരം: ബഫർ സോണിൽ സുപ്രീംകോടതി വിധി മൂലമുള്ള ആശങ്ക തീർക്കാൻ എല്ലാ വഴികളും തേടാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തിൽ തീരുമാനം. ബഫ‌ർ സോൺ പ്രശ്നത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക തുടരുമ്പോഴാണ് സുപ്രീംകോടതി വിധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ തേടാനുള്ള സർക്കാരിന്‍റെ തീരുമാനം. സുപ്രീംകോടതിയിൽ റിവ്യു ഹർജി നൽകുന്നത് വേഗത്തിലാക്കും. ഏരിയൽ സർവ്വേ ഉടൻ തീർത്ത് ഉന്നതാധികാര സമിതിക്ക് റിപ്പോർട്ട് നൽകും. കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടും. 

ബഫർ സോൺ പ്രശ്നത്തിൽ വലിയ വാദ പ്രതിവാദങ്ങളാണ് നിയമസഭയിൽ നടന്നത്. വിവാദത്തിൽ നിയമസഭയിൽ പരസ്പരം പഴിചാരുകയായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും. ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ഉൾപ്പെടുത്തിയുള്ള ഇടത് സർക്കാർ ഉത്തരവാണ് സുപ്രീംകോടതി വിധിക്ക് കാരണമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 2013 ൽ  യുഡിഎഫ് സർക്കാർ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയപ്പോൾ ഇത് തിരുത്തി ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ചേർത്തുള്ള 2019ലെ ഒന്നാം പിണറായി സർക്കാറിന്‍റെ ഉത്തരവാണ് വിധിക്ക് കാരണമെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം. എന്നാൽ, യുഡിഎഫ്-യുപിഎ സർക്കാർ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു സർക്കാർ മറുപടി. 

2013 ലെ യുഡിഎഫ് ഉത്തരവിൽ 12 കിലോ മീറ്റർ വരെയാണ് ബഫർ സോൺ. എൽഡിഎഫ് 1 കിലോമീറ്റർ ആക്കി കുറച്ചുവെന്നാണ് സര്‍ക്കാര്‍ തിരിച്ചടിച്ചത്. പ്രളയം കണക്കിലെടുത്ത് കേന്ദ്ര നിർദ്ദേശ പ്രകാരമാണ് ജനവാസ കേന്ദ്രങ്ങളെ ചേർത്തത്. പക്ഷെ പിന്നീട് ഉന്നതതല യോഗം ഇതൊഴിവാക്കി. ബഫർ സോൺ പ്രശ്നത്തിൽ എസ്എഫ്ഐ രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തതോടെ സർക്കാർ എന്ത് ചെയ്തു എന്ന ചോദ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം