'ബുറെവി' വരുന്നു, തീരമേഖലയിൽ ഓറഞ്ച് അലർട്ട്, കേരളത്തിലെത്തുക രണ്ട് തവണ തീരം തൊട്ട്

By Web TeamFirst Published Dec 2, 2020, 12:43 PM IST
Highlights

സംസ്ഥാനത്തെ തെക്കൻ തീരമേഖലയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ മൂന്നാം ഘട്ടമായ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയിൽ മാറ്റം വരുമോ എന്ന് ഇപ്പോൾ പറയാനാകില്ല എന്ന് കേന്ദ്രകാലാവസ്ഥാകേന്ദ്രഡയറക്ടർ.

ദില്ലി/ തിരുവനന്തപുരം: 'ബുറെവി' ചുഴലിക്കാറ്റ് കേരളത്തിന്‍റെ തീരമേഖലയിലൂടെയും കടന്നുപോകുമെന്ന് ഏറ്റവും പുതിയ മുന്നറിയിപ്പ്. കേരളതീരത്തെ നെയ്യാറ്റിൻകരയിലൂടെ 'ബുറെവി' കടന്നുപോകുമെന്നാണ് കേന്ദ്രകാലാവസ്ഥാനിരീക്ഷണകേന്ദ്രം ഇപ്പോൾ പ്രവചിക്കുന്നത്. ആദ്യം ശ്രീലങ്കയിലെ ട്രിങ്കോമാലിയിലും പിന്നീട് പാമ്പൻ കടലിടുക്കിനും കന്യാകുമാരിയ്ക്കുമിടയിലും കര തൊടുന്ന ബുറെവി, നെയ്യാറ്റിൻകരയ്ക്ക് അടുത്തുകൂടി കടന്നുപോകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നിലവിൽ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം മാറുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും കേന്ദ്രകാലാവസ്ഥാ കേന്ദ്രഡയറക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബുറെവി ചുഴലിക്കാറ്റ് കേരളത്തെ തൊടാതെ കന്യാകുമാരിക്കും രാമേശ്വരത്തിനും ഇടയിലൂടെ അറബിക്കടലിലേക്ക് പോയി ദുർബലമാകുമെന്നായിരുന്നു ആദ്യ സൂചന. എന്നാലിപ്പോൾ കേരളതീരം തൊടും ചുഴലിക്കാറ്റെന്ന് വ്യക്തമായതോടെ കനത്ത ജാഗ്രതയാണ് വിവിധ ജില്ലാ ഭരണകൂടങ്ങൾ പുലർത്തുന്നത്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിൽ ഉണ്ടായ നിവാർ ചുഴലിക്കാറ്റോളം ശക്തമാവില്ല ബുറെവി. എങ്കിലും ജനസാന്ദ്രത കൂടിയ കേരളത്തിൽ കനത്ത ജാഗ്രത ആവശ്യമാണ്.

ബുറെവിയുടെ ഏറ്റവും പുതിയ സഞ്ചാരപഥം (കേന്ദ്രകാലാവസ്ഥാ നിരീക്ഷണവകുപ്പ്)

എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്ന് വിവിധ ജില്ലാ ഭരണകൂടങ്ങൾ ജനങ്ങളോട് വ്യക്തമാക്കുന്നു. കിംവദന്തികളിൽ വീഴരുത്, പ്രചരിപ്പിക്കരുത്. ബോട്ട്, വള്ളം, വല സുരക്ഷിതമാക്കുക. നല്ല മേൽക്കൂരയില്ലാത്ത വീടുകളിൽ ഉളളവർ ക്യാമ്പുകളിലേക്ക് മാറുക. മൊബൈൽ ഫോണുകളിൽ ചാർജ് ഉറപ്പാക്കുക. ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നാൽ കൊവിഡ് ചട്ടം പാലിക്കുക. സംശയങ്ങൾ ഉണ്ടായാൽ 1077 ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും സർക്കാരും ദുരന്ത നിവാരണ അതോറിറ്റിയും അറിയിക്കുന്നു.

ബുറേവി ചുഴലിക്കാറ്റ് കേരള തീരത്ത് എത്തുമ്പോൾ 60 മുതൽ 70 കിലോമീറ്റർ വേഗതയിൽ എത്താമെന്നാണ് മെറ്റ് ഡയറക്ടർ ഡോ. മഹോപാത്ര വ്യക്തമാക്കുന്നത്. അതിന് ശേഷമാകും ചുഴലിക്കാറ്റ് അറബിക്കടലിൽ പ്രവേശിക്കുക. ഡിസംബർ 4, 5 തീയതികളിൽ കേരളം അതീവജാഗ്രത പാലിക്കേണ്ടതാണ്. കൊല്ലം, തിരുവനന്തപുരം എന്നീ തെക്കൻ ജില്ലകൾ കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ ജില്ലകളിൽ നാശനഷ്ടങ്ങളുണ്ടായേക്കാം. എന്നാൽ പരിഭ്രാന്തി വേണ്ടെന്നും, സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മെറ്റ് ഡയറക്ടർ വ്യക്തമാക്കുന്നു. 

തെക്കൻ കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ രണ്ടാം ഘട്ടമായ യെല്ലോ മാറി മൂന്നാം ഘട്ടമായ ഓറഞ്ച് അലർട്ടായി മാറി. തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

തമിഴ്നാട്ടിലെ രാമനാഥപുരം, കന്യാകുമാരി എന്നീ ജില്ലകളിൽ കനത്ത ജാഗ്രത പാലിക്കേണ്ടതാണ്. കേരളതീരത്ത് എത്താൻ ഇനിയും രണ്ട് ദിവസം വേണം. അതിനാൽത്തന്നെ കൂടുതൽ വടക്കോട്ടേയ്ക്ക് ചുഴലിക്കാറ്റിന്‍റെ സഞ്ചാര പാതയിൽ മാറ്റം വരുമോ എന്ന് ഇപ്പോൾ പ്രവചിക്കാനാകില്ലെന്നും മെറ്റ് ഡയറക്ടർ വ്യക്തമാക്കുന്നു. സഞ്ചാര പാതയിൽ മാറ്റം വന്നാലും കേരളത്തിൽ കാറ്റ് കാരണം നാശനഷ്ടം ഉണ്ടാകാമെന്ന് ഡോ .മഹോപാത്ര മുന്നറിയിപ്പ് നൽകുന്നുണ്ട്. 

തീരദേശങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതൽ ജാഗ്രത പാലിക്കേണ്ടത്. തീരദേശത്തുള്ളവർ എമർജൻസി കിറ്റുകൾ ഒരുക്കി തയ്യാറായിരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. നാളെ രാത്രി മുതൽ തെക്കൻ കേരളത്തിൽ കനത്ത കാറ്റും മഴയും ഉണ്ടാകും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതി തീവ്ര മഴ സാധ്യത കണക്കിലെടുത്ത് ഡാമുകളിലും റിസർവ്വോയറുകളിലും അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കടലിൽ മൂന്നേ കാൽ മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാകും. അതിനാൽ മത്സ്യത്തൊഴിലാളികൾ അടിയന്തരമായി തിരികെയെത്തിയേ തീരൂ എന്നാണ് നിർദേശം. 

അതേസമയം, കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, പുതിയാപ്പ എന്നിവിടങ്ങളില്‍ നിന്ന് മീന്‍പിടുത്തത്തിന് പോയ നൂറ്റി അന്‍പതോളം ബോട്ടുകള്‍ ഇനിയും തിരിച്ചു വരാനുണ്ടെന്ന് ബോട്ട് ഉടമകള്‍ പറയുന്നു. ബോട്ടുകളോട് എത്രയും വേഗം അടുത്തുള്ള ഹാര്‍ബറില്‍ അടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പല ബോട്ടുകളുമായും ബന്ധപ്പെടാന്‍ ആവുന്നില്ലെന്നും ബോട്ട് ഉടമകള്‍ പറയുന്നു. ഇവരുമായി സംസാരിക്കാനുള്ള ശ്രമം സജീവമായി തുടരുകയാണ്.

ന്യൂനമർദ്ദത്തെ തുടർന്ന് ചുഴലിക്കാറ്റ് രൂപം കൊള്ളുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശം കർശനമാക്കി. ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങൾ ജില്ലയിലെത്തി. മൂന്നാറിലും പൈനാവിലുമാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. മഴ ശക്തിപ്പെട്ടാൽ മലയോര മേഖലകളിൽ രാത്രി യാത്രാ നിയന്ത്രണം ഏർപ്പെടുത്തും. ആവശ്യമെങ്കിൽ ക്യാമ്പുകൾ സജ്ജമാക്കാൻ ജില്ലാ ഭരണകൂടം ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ, താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു.

ബുറെവി ഇപ്പോൾ എവിടെ? വിശദമായി കാണാൻ വിൻഡി മാപ്പ് സൂമിൻ ചെയ്ത് നോക്കുക:

click me!