
വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ ബസ് കണ്ടക്ടറെ നാലംഗ സംഘം കാറിലെത്തി ക്രൂരമായി മർദ്ദിച്ചു. മംഗലം ഡാം - വടക്കഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറും ഹൃദ്രോഗിയുമായ അജിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ട് വടക്കഞ്ചേരിയിൽ നിന്നും മംഗലം ഡാമിലേക്ക് സർവീസ് നടത്തുന്നതിനിടെ ബസിൽ വെച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മുടപ്പല്ലൂരിൽ നിന്നും ബസിൽ കയറിയ അമൽ എന്ന യുവാവ് കണ്ടക്ടർ അജിയുമായി വാക്കേറ്റത്തിലും ഉന്തും തള്ളിലും ഏർപ്പെട്ടിരുന്നു. തുടർന്ന് ബസിൽ നിന്നും ഇറങ്ങിപ്പോയ അമൽ സുഹൃത്തുക്കളോടൊപ്പം കാറിലെത്തി, മംഗലം ഡാം പെട്രോൾ പമ്പിൽ ബസിന് ഡീസൽ അടിച്ചു കൊണ്ടിരുന്ന അജിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ഒന്നാം പ്രതിയായ അമൽ ലോഹ വളകൊണ്ട് അജിയുടെ മുഖത്ത് അടിച്ചു വീഴ്ത്തുകയും, എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ രണ്ടാം പ്രതി രതീഷ് തള്ളി താഴെയിടുകയുമായിരുന്നു. കണ്ടാലറിയാവുന്ന മറ്റ് രണ്ട് പ്രതികൾ ചേർന്ന് അജിയെ വട്ടംപിടിച്ചു നിർത്തി വീണ്ടും ക്രൂരമായി ഉപദ്രവിച്ചു. സ്ട്രോക്ക് വന്ന് നിലവിൽ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ഹൃദ്രോഗിയാണ് പരിക്കേറ്റ കണ്ടക്ടർ അജി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ മംഗലം ഡാം പൊലീസ് നാല് പേർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam