ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ

Published : Jul 16, 2026, 06:57 PM IST
KSRTC priyadarshini

Synopsis

കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ടം മികച്ച നേട്ടമെന്ന് ഗതാഗത മന്ത്രി. വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര നൽകുന്ന പദ്ധതിയിലൂടെ ഒരു മാസം കൊണ്ട് 3.81 കോടി യാത്രകൾ നടന്നു. ഇതോടെ ഓർഡിനറി ബസുകളിലെ ആകെ യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളായി മാറി.

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ട വിലയിരുത്തലിൽ മികച്ച നേട്ടമെന്ന് ​ഗതാഗത മന്ത്രി സിപി ജോൺ. പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു മാസം പിന്നിടുമ്പോൾ 3.81 കോടി സൗജന്യ യാത്രകൾ നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബസുകളിലെ ആകെ യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ അടിസ്ഥാനത്തിലുള്ള ആധികാരിക യാത്രാ വിവരങ്ങളാണ് വിശകലനത്തിനായി ഉപയോഗിച്ചതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഓർഡിനറി സർവീസുകളിലെ പ്രതിദിന വനിതാ യാത്രക്കാരുടെ ശരാശരി എണ്ണം 6.48 ലക്ഷത്തിൽ നിന്ന് 12.12 ലക്ഷമായി ഉയർന്നു. വനിതാ യാത്രക്കാരിൽ 87 ശതമാനം വർധനവാണുണ്ടായത്. ഇതോടെ ഓർഡിനറി സർവീസുകളിലെ ആകെ യാത്രക്കാരിൽ വനിതകളുടെ പങ്കാളിത്തം മൂന്നിൽ രണ്ടായി വർധിച്ചു. അതായത്, 50.9 ശതമാനത്തിൽ നിന്ന് 66.6 ശതമാനമായി ഉയർന്നു. ഓർഡിനറി, സൂപ്പർ ക്ലാസ് സർവീസുകൾ ചേർത്ത് പ്രതിദിന ആകെ യാത്രക്കാരുടെ ശരാശരി എണ്ണം 19.03 ലക്ഷത്തിൽ നിന്ന് 24.53 ലക്ഷമായി വർധിച്ചിട്ടുണ്ട്. മൊത്തം യാത്രക്കാരിൽ 28.9 ശതമാനം വർധനവാണ് ഉണ്ടായത്. ഇത് നിലവിലുള്ള യാത്രക്കാരുടെ കേവലമായ മാറ്റമല്ല, മറിച്ച് പൊതുഗതാഗതത്തിലേക്കുള്ള പുതിയ യാത്രാ ആവശ്യകതയുടെ സൃഷ്ടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, ഓർഡിനറി സർവീസുകളിലെ പുരുഷ യാത്രക്കാരുടെ എണ്ണം ഏതാണ്ട് സ്ഥിരമായി തുടരുകയാണ്. വനിതകളുടെ യാത്രാ വർധനവ് മറ്റ് യാത്രക്കാരെ ഒഴിവാക്കിക്കൊണ്ടല്ല സാധ്യമായത്. അധികമായിവന്ന യാത്രക്കാരെ നിലവിലുള്ള ശൃംഖലയിൽത്തന്നെ ഉൾക്കൊള്ളാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രിയദർശിനി പദ്ധതി കേവലം ഒരു സൗജന്യ യാത്രാ പദ്ധതിയല്ലെന്നും അത് കേരളത്തിലെ സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തിന്റെയും സാമ്പത്തിക പങ്കാളിത്തത്തിന്റെയും അടിത്തറയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിദിനം അഞ്ചര ലക്ഷത്തിലധികം അധിക യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ യാത്ര ചെയ്യുന്നു എന്നത് പൊതുഗതാഗതത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനമാണ് -മന്ത്രി പറഞ്ഞു.

അതേസമയം, പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും എന്നാൽ ഇത് സർക്കാർ നേരത്തെ കണക്കുകൂട്ടിയതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി.ഡി സതീശൻ തന്നെയാണ് ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്നത് എന്നതിനാൽ പദ്ധതിക്കായുള്ള ഫണ്ട് വിനിയോഗം കൃത്യമായി നടക്കുന്നുണ്ട്. കൂടുതൽ ബസുകൾ നിരത്തിലിറക്കാൻ നിലവിൽ പരിമിതികളുണ്ട്. ഇതിന് പരിഹാരമായി എംഎൽഎമാരുടെ ഫണ്ടിൽ നിന്ന് ഓരോ ബസ് വാങ്ങണമെന്ന നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഓർഡിനറി സർവീസുകളിൽ മാത്രമുള്ള പ്രിയദർശിനി പദ്ധതി എക്സ്പ്രസ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകളിലേക്കും വ്യാപിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിന് കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് പുതിയ റോഡ് സുരക്ഷാ യജ്ഞം ആരംഭിക്കുന്ന കാര്യവും ഗതാഗത മന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി നിലവിലെ ഒന്നര മീറ്ററിൽ നിന്ന് ആറ് മീറ്ററായി വർധിപ്പിക്കും. കൂടാതെ, തിരുവനന്തപുരം വേളിയിൽ നിന്ന് കഠിനംകുളം വരെ പ്രതിദിന പാസഞ്ചർ ബോട്ട് സർവീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെഎസ്‌യു വിവാദം കോൺഗ്രസിൽ പുകയുന്നു; വി ഡി സതീശനെതിരെ വി ആർ അനൂപ്, തിരിച്ചടിച്ച് രാജു പി നായർ
ചരിത്രത്തിന്റെ ഭാഗമായി എംഎ യുസഫലി, മറ്റാര്‍ക്കും ലഭിക്കാത്ത നേട്ടം, ലുലു ഗ്രൂപ്പ് ചെയര്‍മാന് കുവൈത്തിന്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി