
കോട്ടയം: കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിൽ ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മർദ്ദനം. ബസുടമ രാജ്മോഹനെ സിഐടിയു നേതാവ് മർദ്ദിച്ചു. രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പോലീസ് കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് മർദ്ദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തി.
തന്റെ ബസിനോട് ചേർത്ത് സി ഐ ടി യു കെട്ടിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് വെട്ടിക്കുളങ്ങര ബസിന്റെ ഉടമ ഉണ്ണിയെന്ന രാജ് മോഹനെ സി പി എം നേതാവ് തല്ലിയത്. കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി വെട്ടുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. കൺമുന്നിൽ അക്രമം നടന്നിട്ടും അക്രമിയായ സി പി എം നേതാവിനെ കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്തില്ല. പിന്നീട് നേതാവ് സ്വന്തം വാഹനത്തിൽ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെആർ അജയാണ് മർദ്ദിച്ചത്. പ്രാദേശിക ബി ജെ പി നേതാവു കൂടിയായ രാജ്‌മോഹൻ ബി ജെ പി പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Read More: കെ സുധാകരനെതിരായ തട്ടിപ്പ് കേസ്: പിന്നിൽ കോൺഗ്രസ് നേതാവെന്ന് എകെ ബാലൻ
അനാവശ്യ കൂലി വർധന ആവശ്യപ്പെട്ട് സി ഐ ടി യു ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ചാണ് ഒരാഴ്ചയായി രാജ്മോഹൻ ബസിന് മുന്നിൽ ലോട്ടറി വിറ്റ് പ്രതിഷേധം നടത്തിയത്. കർഷകർക്ക് വേണ്ടി താൻ നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് ബസ് സർവീസ് നടത്താൻ ജീവനക്കാരാരും വന്നില്ല. തന്നെ തല്ലാൻ തയ്യാറാകുന്നവർ ജീവനക്കാരെ കൊല്ലാൻ വരെ ശ്രമിക്കും. ജീവനക്കാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണം. ഇതാണോ വ്യവസായ കേരളം, ഇങ്ങനെയാണോ നമ്പർ വൺ കേരളമെന്ന് പറയേണ്ടത്. ഇന്ന് പൊലീസുകാരോട് ചോദിച്ച ശേഷമാണ് താൻ കൊടി അഴിക്കാൻ പോയത്. തന്നെ പൊലീസുകാർ നോക്കിനിൽക്കെയാണ് ആക്രമിച്ചത്. ഇത് കോടതിയലക്ഷ്യമാണ്. അതിനാൽ നിയമപരമായി തന്നെ മുന്നോട്ട് പോകും. നാളെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകും. കോടതി ഞങ്ങൾക്ക് പുല്ലാണെന്നാണ് അവർ പറഞ്ഞത്. ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
രാജ്‌മോഹനെ മർദ്ദിച്ചിട്ടില്ലെന്നും തൊഴിൽ പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമാണ് ബസ് ഉടമ നടത്തുന്നതെന്നുമായിരുന്നു സി ഐ ടി യു പ്രതികരണം. സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചു. കോടതിയലക്ഷ്യ നടപടിയാണ് സിഐടിയു നേതാക്കൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അധികാര ദുർവിനിയോഗമാണെന്നും അധികാരമുള്ളത് കൊണ്ട് എന്തും ചെയ്യാമെന്ന തോന്നലാണ് സിഐടിയു നേതാക്കൾക്കെന്നും അദ്ദേഹം വിമർശിച്ചു.
Read More: പിണറായി മുണ്ടുടുത്ത മോദിയെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം; സുധാകരന്‍റെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനം
നീതി നിഷേധം ഉണ്ടായിട്ടുണ്ടെങ്കിൽ തൊഴിലുടമയ്ക്കെതിരെ സമരം ചെയ്യാനുള്ള എല്ലാ അവകാശവും സി ഐ ടി യുവിനെ പോലൊരു തൊഴിലാളി സംഘടനയ്ക്കുണ്ട്. പക്ഷേ കോടതിയും പൊലീസും വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടെന്ന് ആവർത്തിച്ചു പറയുന്ന ഒരു സർക്കാരുമുള്ള നാട്ടിൽ ഭരണകക്ഷിയുടെ ഉത്തരവാദപ്പെട്ട നേതാക്കൻമാർ തെരുവിൽ മുതലാളിമാരെ ഈ വിധം കൈകാര്യം ചെയ്തു നീതി നടപ്പാക്കാൻ തുടങ്ങിയാൽ പിന്നെ നമ്മുടെ നാട്ടിലെ വ്യവസ്ഥാപിത നിയമ സംവിധാനങ്ങൾക്ക് എന്ത് വിലയുണ്ടെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...