സിപിഎമ്മിന്‍റെ തെറ്റായ നടപടികള്‍ക്ക് ജനഹിതത്തിലൂടെയും നീതിന്യായ വ്യവസ്ഥയിലൂടെയും മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
ദില്ലി: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ അറസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ദേശീയതലത്തില്‍ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുമ്പോള്‍ പിണറായി മുണ്ടുടുത്ത മോദിയെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയറാം രമേശ് പറഞ്ഞു. സുധാകരന്‍റെ അറസ്റ്റ് കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്‍റിന്‍റെ അറസ്റ്റ് ഏകാധിപത്യ നടപടിയാണെന്ന് എഐസിസി ട്വീറ്റ് ചെയ്തു. അറസ്റ്റിലൂടെ നേതാക്കളുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കത്തെ ഭയപ്പെടില്ല. സിപിഎമ്മിന്‍റെ തെറ്റായ നടപടികള്‍ക്ക് ജനഹിതത്തിലൂടെയും നീതിന്യായ വ്യവസ്ഥയിലൂടെയും മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അറസ്റ്റില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. സിപിഎം കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് സിപിഎമ്മെന്ന് അദ്ദേഹം പറഞ്ഞു. പാറ്റ്നയിലെ പ്രതിപക്ഷ സഖ്യ ചർച്ച ദിവസം തന്നെ ഉണ്ടായ അറസ്റ്റ് ബിജെപിയെ സുഖിപ്പിക്കാനെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പിണറായിയുടെ മോദി വിരുദ്ധത എത്രയുണ്ടെന്ന് ജനങ്ങൾ മനസ്സിലാക്കണം. രാഷ്ട്രീയമായി എതിർക്കുന്നവരെ കള്ളക്കേസിൽ കുടുക്കി വാ മൂടിക്കെട്ടാമെന്നത് വ്യാമോഹമാണെന്നും മുഖം നഷ്ടപ്പെട്ട സർക്കാരിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണെന്നും പ്രതികാര രാഷ്ട്രീയം സിപിഎമ്മിനെ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് അന്തസ് കളഞ്ഞു കുളിച്ചെന്നും സർക്കാരിന്റെ വിടുവേല ചെയ്യുന്നവരായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More... 'പണമിടപാട് ദിവസം മോൻസന്റെ വീട്ടിലുണ്ടായിരുന്നു, പരാതിക്കാരെ കണ്ട് പരിചയം'; സുധാകന്റെ മൊഴി പുറത്ത്
മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിട്ടു.
Read More... 'സിപിഎം കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നു'; സുധാകരന്‍റെ അറസ്റ്റില്‍ കെ സി വേണുഗോപാല്‍
