
ഇടുക്കി: ഒരു മോഷ്ടാവിനെ ചോദ്യം ചെയ്യലിലൂടെ പൊലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യത്തിലേയ്ക്ക് വഴിതുറക്കുന്ന വിവരങ്ങളെന്ന് സൂചന. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് ഒരു മോഷ്ടാവിനെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു ക്രൂരകൃത്യം നടന്നതായി പൊലീസിന് സൂചനകൾ ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥര്‍ അന്വേഷണ റിപ്പോർട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം പ്രതിയെ പൂട്ടാന്‍ പദ്ധതി തയ്യാറാക്കുകയാണ്.
കാഞ്ചിയാർ കാക്കാട്ടുകടയിലാണ് വീടും പരിസരവും കേന്ദ്രീകരിച്ചു പൊലീസിന്റെ തിരച്ചിൽ. കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടയിൽ പിടിയിലായ വിഷ്ണുവെന്നയാളും ഇയാളുടെ മാതാവും വാടകയ്ക്ക് താമസിക്കുന്ന വീട് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മോഷണ കേസിന്റെ ഭാഗമായി കട്ടപ്പന എസ്ഐയും സംഘവും ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു. എന്നാൽ അസ്വാഭാവികമായ ചിലത് വീട്ടിൽ കണ്ടെത്തി. തുടർന്ന് ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കൊലപാതകം നടന്നതായും മൃതദേഹം വീടിൻ്റെ പരിസരത്ത് മറവു ചെയ്തതായും ഉള്ള സൂചനകൾ പുറത്തു വരുന്നുണ്ട്. വീടിനുള്ളിൽ മന്ത്രവാദം നടന്നതായിട്ടാണ് സൂചന. വീടിന്റെ പരിസരത്ത് നിന്ന് ചില അവശിഷ്ടങ്ങൾ ലഭിച്ചതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
വ്യാഴാഴ്ച രാവിലെ മുതൽ പൊലീസ് കാവലിലാണ് ഈ വീടും പരിസരവും. സംശയിക്കുന്ന സ്ഥലങ്ങളിൽ ഇന്ന് പൊലീസ് സംഘമെത്തി പരിശോധിക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കട്ടപ്പനയിലെത്തി യോഗം ചേർന്നിരുന്നു. കഴിഞ്ഞ ദിവസം വീട് കേന്ദ്രീകരിച്ച് നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ ചില പരിശോധനകളിലൂടെ വലിയൊരു ക്രൂരകൃത്യം പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam