'കാനം ജൂനിയർ, സെക്രട്ടറിയായി തുടരാൻ ആക്രാന്തമെന്തിന്'; ഒതുക്കാൻ നോക്കേണ്ടെന്നും സി ദിവാകരൻ

By Web TeamFirst Published Sep 27, 2022, 11:56 AM IST
Highlights

പ്രായപരിധി നിർദ്ദേശം അംഗീകരിക്കില്ലെന്നും തന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

തിരുവനന്തപുരം: സിപിഐ 24-ാം പാര്‍ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം ഈ മാസം 30 മുതല്‍ ഒക്ടോബര്‍ 3 വരെ തിരുവനന്തപുരത്ത് നടക്കാനിരിക്കെ സംസ്ഥാന സെക്രട്ടറിക്കെതിരായ എതിർപ്പുകൾ മറനീക്കി പുറത്തേക്ക്. നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നേക്കാൾ ജൂനിയറാണെന്നും തന്നെ ഒതുക്കാമെന്ന് ആരും കരുതേണ്ടെന്നും മുതിർന്ന നേതാവ് സി ദിവാകരൻ ഇന്ന് പ്രതികരിച്ചു.

തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിന്? കാനം രാജേന്ദ്രൻ എന്നേക്കാൾ ജൂനിയറാണ്. തിരുത്താൻ നോക്കിയപ്പോൾ തയ്യാറായില്ല. പിന്നെ ഇടപെടാൻ ശ്രമിച്ചില്ല. പ്രായപരിധി നിർദ്ദേശം അംഗീകരിക്കില്ലെന്നും തന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പദവിയിൽ പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പറയട്ടെയെന്ന് ദിവാകരൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇക്കുറി മത്സരം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ സമ്മേളനങ്ങളിൽ നടന്ന ആരോഗ്യപരമായ ചർച്ചകൾ സംസ്ഥാന സമ്മേളനത്തിലും നടക്കുമെന്നാണ് കരുതുന്നത്. പ്രായത്തിന്റെ പേരിൽ ആരും തർക്കിക്കാൻ ഒന്നുമില്ല. എനിക്ക് 75 കഴിഞ്ഞു. എന്നാൽ പ്രായപരിധി നിശ്ചയിച്ച് ഉപരിസമിതികളിലേക്ക് ആളെ എടുക്കുന്നതാണ് തർക്കവിഷയം. ചൈനയിലോ സോവിയറ്റ് യൂണിയനിലോ ഞാൻ പോയ കമ്യൂണിസ്റ്റ് രാജ്യങ്ങളിലോ ഒന്നും താൻ അത്തരമൊരും കാര്യം കണ്ടിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഒരു കുടുംബത്തിൽ പ്രായമായ ആളുകൾക്കാണ് ഒന്നാം സ്ഥാനം. നമ്മുടെ സംസ്കാരം അതാണ്. പിന്നെന്തിനാണ് ഇവിടെ അത്തരമൊരു നിർദ്ദേശം. എന്നെ വെട്ടാൻ പലപ്പോഴും നോക്കിയിട്ടുണ്ട്. താൻ അതിലൊന്നും വീണിട്ടില്ല. മുൻപ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിൽ നിന്ന് മാറിയത് തെറ്റായി തോന്നുന്നില്ല. അന്ന് മാറിക്കൊടുത്തതിന്റെ ഫലമായി തന്നെ ഇനി ഒരു കാലത്തും വരാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന അപൂർവം ചിലർ പാർട്ടിയിലുണ്ട്.

ആ പ്രായപരിധി മാർഗനിർദ്ദേശമുണ്ടോയെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കട്ടെ. ഇത്തരമൊരു അനാവശ്യ തർക്കം ഇവിടെയുണ്ടാക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. മറ്റനേകം മാർഗനിർദ്ദേശങ്ങളും അതിലുണ്ട്. സ്ത്രീകൾ, ദളിതർ, പുതിയ നേതാക്കൾ അങ്ങിനെ പലതുമുണ്ട്. അതിൽ പ്രായം മാത്രം പ്രാധാന്യത്തോടെ എടുത്തുയർത്തുന്നത് എന്തിനാണെന്നും അദ്ദേഹം പറഞ്ഞു.

കഴിയുന്നത്ര യോജിച്ച് പോകണമെന്ന അഭിപ്രായക്കാരനാണ് താൻ. നേതൃമാറ്റം എല്ലാ പാർട്ടിക്കും എപ്പോഴും ആവശ്യമാണ്. താൻ തന്നെയാകണമെന്ന ആക്രാന്തം ആർക്കും ശരിയല്ല. കോൺഗ്രസിന് പോലും ശരിയല്ല. തുടർച്ചയാണോ മറ്റാരെങ്കിലും വേണോ എന്ന കാര്യമൊക്കെ സംസ്ഥാന സമ്മേളനം തീരുമാനിക്കും. 75 വയസ് നിബന്ധന നടപ്പാക്കുന്നതിന് താനെതിരാണ്.

സെക്രട്ടറി ഏകാധിപതിയാകാതിരിക്കാൻ കൂടെ നിൽക്കുന്നവർ കൂടെ ശ്രമിക്കണം. പിണറായി വിജയനോട് മുഖം നോക്കി വിമർശിക്കാൻ ആളുകൾ വേണ്ടേ? സംസ്ഥാന സെക്രട്ടറിയെ തിരുത്താനായി ഞാൻ ശ്രമിച്ചപ്പോൾ അദ്ദേഹമതിന് വിധേയനാകുന്നില്ല. അദ്ദേഹമെന്റെ ജൂനിയറാണ്. ജൂനിയേഴ്സിനോട് ഏറ്റുമുട്ടാൻ താൻ തയ്യാറല്ല. 

എൽഡിഎഫ് മുന്നണിയായിട്ട് പ്രവർത്തിക്കുന്നില്ല. ലോകായുക്ത ഭേദഗതിയിൽ പോലും മുന്നണിയുടെ അഭിപ്രായമില്ലാതെ പോയത് തെറ്റാണ്. കെ റെയിലിൽ വിവാദമുണ്ടായപ്പോൾ മുന്നണി അവസാനിക്കാൻ ശ്രമിച്ചില്ല. വിഴിഞ്ഞം വിവാദത്തിൽ ഇടപെടാനായില്ല. പിണറായി വിജയന് എൽഡിഎഫ് കൺവീനറാകാനാവില്ല. സർക്കാരിന് കുഴപ്പമുണ്ടെങ്കിൽ രാഷ്ട്രീയ ഇടപെടലിന്റെ കുഴപ്പമാണ്. 

അനുഭവങ്ങളാണ് ഗുരു. നേതാവിനെ പൂജിച്ചത് കൊണ്ട് ഒന്നുമാവില്ല. സർക്കാരിന് സിപിഐയുടെ ശക്തമായ ഇടപെടൽ ആവശ്യമാണ്. ഏത് പ്രശ്നത്തിലും അവസാന വാക്ക് വെളിയം ഭാർഗവന്റെ കാലത്ത് അദ്ദേഹമായിരുന്നു. ആ ശൈലി ഇപ്പോൾ ഉണ്ടാകുന്നില്ല. വെളിയത്തിന്റെ ശൈലിയിലേക്ക് ഈ പാർട്ടി പോകണമെന്നും സി ദിവാകരൻ പറഞ്ഞുനിർത്തി.

തിരുവനന്തപുരത്ത് ഒക്ടോബർ ഒന്നിന് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ ഒന്നിന് വൈകീട്ട് നാലിന് ടാഗോര്‍ ഹാളില്‍ സെമിനാർ നടക്കും. ഇതിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പങ്കെടുക്കും. ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും എന്ന സെമിനാറിലാണ് ഇരുവരും പങ്കെടുക്കുക. സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത 563 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

click me!