'മുതിര്‍ന്നവരെ ഒഴിവാക്കുന്നെങ്കില്‍ വിവേചനം പാടില്ല'; കോണ്‍ഗ്രസില്‍ തര്‍ക്കം, നിലപാടറിയിച്ച് സി പി മുഹമ്മദ്

By Web TeamFirst Published Jan 15, 2021, 7:20 AM IST
Highlights

നാലുതവണയിലേറെ മത്സരിച്ചവർ മാറി നില്‍ക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് നിലപാടിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും ഇളവ് നൽകാമെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ പൊതു നിലപാടുണ്ടാകണമെന്നും സി പി മുഹമ്മദ് 

പാലക്കാട്: മത, സാമുദായിക നേതാക്കളുടെ താൽപര്യത്തിനനുസരിച്ച് സ്ഥാനാര്‍ഥികളെയും മന്ത്രിയെയും തീരുമാനിക്കുന്നതിനെതിരെ ആഞ്ഞടിച്ച് കെപിസിസി ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ സി പി  മുഹമ്മദ്. നാലുതവണയിലേറെ മത്സരിച്ചവർ മാറി നില്‍ക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് നിലപാടിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും ഇളവ് നൽകാമെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ പൊതു നിലപാടുണ്ടാകണമെന്നും വിവേചനം പാടില്ലെന്നും സി പി മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാമുദായിക സംഘടനകളുടെ താത്പര്യത്തിന് വഴങ്ങരുത്, അത് മുന്നണിയ്ക്ക് ഗുണം ചെയ്യില്ല. മുതിര്‍ന്നവരെ ഒഴിവാക്കുന്നതിന് പൊതു മാനദണ്ഡമാണ് വേണ്ടത്.

അല്ലാതെ വിവേചനം പാടില്ല. മാറിനില്‍ക്കണം എന്നത് തന്‍റെ കാര്യത്തില്‍ മാത്രമാകരുത്. ചിലരിടുമ്പോള്‍ ബര്‍മുഡയും മറ്റു ചിലരിടുമ്പോള്‍ വള്ളിക്കളസവും എന്ന നിലപാട് ശരിയല്ല. പട്ടാമ്പിയില്‍ തനിക്കാണ് വിജയസാധ്യത. തോല്‍ക്കാനുള്ളതൊന്നും 2016ലും കഴിഞ്ഞ അഞ്ച് വര്‍ഷവും ചെയ്തിട്ടില്ല.

കഴിഞ്ഞ തവണ ഇടതു പക്ഷവും ചില ശത്രുക്കളും തന്നെ സംഘിയാക്കി. കോണ്‍ഗ്രസ് വേണ്ടവിധം ആ പ്രചാരണത്തെ പ്രതിരോധിച്ചില്ലെന്നും സി പി മുഹമ്മദ് പറഞ്ഞു. ഇതിനിടെ, നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കടുത്ത നിലപാടുകളാണ് യൂത്ത് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കെട്ടിയിറിക്കുന്ന പ്രവണതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി.

നേതാക്കളുടെ ഓമനകൾക്കല്ല ജനങ്ങളുടെ ലാളനകൾ നേടാൻ കഴിയുന്നവരാകണം സ്ഥാനാർത്ഥികളെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ രൂപതയിൽ നിന്നും, പെരുന്നയിൽ നിന്നും, കണിച്ചുകുളങ്ങരയിൽ നിന്നും മറ്റു മത നേതാക്കളും നിശ്ചയിക്കുന്ന സാഹചര്യം ആവര്‍ത്തിക്കരുത്.

കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനങ്ങളും ഉണ്ടാകേണ്ടത് കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനത്തു നിന്നും ഇന്ദിരാഭവനില്‍ നിന്നും കെ. കരുണാകരന്‍ സപ്തതി മന്ദിരത്തില്‍ നിന്നും മാത്രമാകണം. മിടുക്കരും ജനകീയരുമായ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമാരെയും ഡിസിസി ഭാരവാഹികളെയും സ്ഥാനമാനങ്ങളിലെ വലുപ്പചെറുപ്പം നോക്കി മാറ്റി നിർത്താതെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകി മത്സരിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

click me!