മലപ്പുറം ജില്ലയിൽ തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പ്രത്യേക സമിതി ശുപാർശ ചെയ്തു. ജില്ല നിയമസേവന അതോറിറ്റി നേതൃത്വം നൽകുന്ന സമിതി 19 പരാതികളിൽ 11 എണ്ണത്തിലാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.
മലപ്പുറം: മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണത്തില്‍ 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ജില്ലയിലെ മൂന്നാമത്തെ സിറ്റിങ്ങിലാണ് 19 പരാതികളില്‍ 11 എണ്ണത്തിൽ നഷ്ടപരിഹാരത്തിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തത്. ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി ചെയര്‍പേഴ്സനും ജില്ല മെഡിക്കല്‍ ഓഫിസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്‌ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്റേഷന്‍ കമ്മിറ്റിയാണ് പരാതികൾ കേട്ടത്.
ജില്ലാ നിയമസേവന അതോറിറ്റിയുടെ മഞ്ചേരിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ അതോറിറ്റി സെക്രട്ടറിയും സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ഡുമായ ഷാബിര്‍ ഇബ്രാഹിം മുണ്ടേക്കാട്ട്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ ടി കെ ജയന്തി, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയരക്ടര്‍ വി കെ മുരളി, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു.
കേരള ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം ജില്ലയില്‍ തെരുവുനായ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിജപ്പെടുത്തുന്നത് ഈ കമ്മിറ്റിയായിരിക്കും. നായകളുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് മഞ്ചേരിയിലെ ജില്ല നിയമസേവന അതോറിറ്റിയിലോ താലൂക്ക് നിയമ സേവന കമ്മിറ്റികളിലോ പൊതുജനങ്ങള്‍ക്ക് ഹരജി നല്‍കാവുന്നതാണ്. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി മുമ്പാകെ നിലവിലുണ്ടായിരുന്ന ജില്ലയിലെ 283 ഹരജികള്‍ ജില്ല നിയമസേവന അതോറിറ്റിയുടെ പരിഗണനക്കായി ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല നിയമസേവന അതോറിറ്റിയെ ബന്ധപ്പെടാം. നമ്പര്‍ - 9188127501.


