
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ (Attappadi Madhu case) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി (Special public prosecutor). ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോൻ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറാകും. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം. കേസ് ഈ മാസം 18 ന് ഒറ്റപ്പാലം എസ് സി/ എസ് ടി കോടതി പരിഗണിക്കും. നാലുവർഷമായിട്ടും മധുകേസിൽ വിചാരണ നടപടികൾ പൂർത്തിയാവാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഹൈക്കോടതി ഇടപെട്ടാണ് കേസ് പരിഗണിക്കുന്നത് നേരത്തെയാക്കിയത്.
രണ്ട് കൊല്ലം മുമ്പ് സർക്കാർ ചുമതലയേൽപ്പിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ വി ടി രഘുനാഥ് ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച മധു കൊലക്കേസ് വിചാരണ പ്രതിസന്ധിയിലായത്. മധു കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ആരാഞ്ഞപ്പോഴാണ് വിവരം മാധ്യമങ്ങളിലടക്കം ചർച്ചയായത്. മണ്ണാര്‍ക്കാട് കോടതിയിൽ മധുവിന് വേണ്ടി ആരും ഹാജരാകാതിരുന്നതോടെയാണ് കോടതിക്ക് ചോദ്യം ഉന്നയിച്ചത്. കേസിലെ രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു രഘുനാഥ്.
അട്ടപ്പാടി മധു കേസ്; കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം; അഭിഭാഷകരുടെ പേരുകൾ സർക്കാരിന് സമർപ്പിച്ചു
2018 ഫെബുവരി 22 നാണ് ആള്‍ക്കൂട്ട വിചാരണയെയും ക്രൂര മര്‍ദനത്തെയും തുടർന്ന് മധു മരിച്ചത്. കടയില്‍ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരുമായ മറ്റു പ്രതികളും ചേർന്ന് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവരാണ് മധുവിനെ മര്‍ദ്ദിച്ചതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
Attappadi Madhu Murder : അട്ടപ്പാടി മധു കേസ്; പൊലീസ് മധുവിന്റെ കുടുംബത്തെ സന്ദർശിച്ചു
കൊലപാതകം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വച്ച് മര്‍ദനത്തിന് നേതൃത്വം നല്‍കിയത് ആറു പ്രതികളാണ്. അതില്‍ സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീന്‍ വടികൊണ്ട് അടിച്ചതിനാല്‍ മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീര്‍ കാല്‍മുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ മുക്കാലിയിലെത്തിയ ഒന്നാം പ്രതി ഹുസൈന്‍റെ ചവിട്ടേറ്റ് വീണ മധുവിന്‍റെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം പറയുന്നു. മധുവിന്‍റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam