Asianet News MalayalamAsianet News Malayalam

Attappadi Madhu Murder : അട്ടപ്പാടി മധു കേസ്; പൊലീസ് മധുവിന്റെ കുടുംബത്തെ സന്ദർശിച്ചു

പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. അഗളി ഡിവൈ.എസ്.പി ഓഫീസിൽ നിന്നാണ് ഉദ്യോഗസ്ഥർ മധുവിന്റെ വീട്ടിലെത്തിയത്.

attapadi madhu case police visited madhus family
Author
Attappadi, First Published Jan 28, 2022, 7:23 PM IST

പാലക്കാട്: അട്ടപ്പാടിയിൽ (Attappadi)  ആൾക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ (Madhu Murder) കുടുംബത്തെ പൊലീസ് സന്ദർശിച്ചു. പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. അഗളി ഡിവൈ.എസ്.പി ഓഫീസിൽ നിന്നാണ് ഉദ്യോഗസ്ഥർ മധുവിന്റെ വീട്ടിലെത്തിയത്.
 
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിർദേശ പ്രകാരമാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി നടപടികൾ ആരംഭിച്ചിട്ടുള്ളത്.  ആദിവാസി സംഘടനകളുമായി ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്ന് മധുവിന്റെ കുടുംബം പറഞ്ഞു. 

മധുവിനെ കൊലപ്പെടുത്തിയ കേസിൽ സര്‍ക്കാരിനെതിരെ ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബത്തിന് ഭീഷണി ഉണ്ടായിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. പെരിയക്കേസിൽ കോടികൾ ചെലവിട്ട് സുപ്രീംകോടതിയിൽ നിന്നും അഭിഭാഷകരെ കൊണ്ടു വന്ന സർക്കാർ, ഈ കേസിൽ അവഗണന നിറഞ്ഞ സമീപനമാണ് സ്വീകരിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു. അതേസമയം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് മധു കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി. സിബിഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യം ന്യായമാണെന്നും ആവശ്യമെങ്കിൽ പാര്‍ട്ടി നിയമസഹായം നൽകുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പാലക്കാട് പറഞ്ഞു. 

കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കുടുംബവും രം​ഗത്തെത്തിയിരുന്നു. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചു. കുടുംബത്തിന് ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാൻ രാഷ്ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നതായും മധുവിന്റെ സഹോദരി സരസു ആരോപിച്ചു.  
 
മധുവിനെ കൊലപ്പെടുത്തിയ കേസ് സാക്ഷികൾക്ക് പണം വാഗ്ദാനം നൽകി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് മധുവിന്റെ സഹോദരി പറയുന്നത്.  കൂറുമാറിയാൽ രണ്ടു ലക്ഷം രൂപ നൽകാമെന്ന് പറ‍ഞ്ഞ് ചിലർ പ്രധാന സാക്ഷിയെ സമീപിച്ചിരുന്നെന്നും കുടുംബം ആരോപിക്കുന്നു.
ഒരിക്കൽ മുഖംമൂടി ധരിച്ച രണ്ടു പേർ വീട്ടിലെത്തി. കേസിൽ നിന്നും പിന്മാറാണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും സരസു പറഞ്ഞു.  കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദം ഉള്ളതായി  സംശയമുണ്ട്. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ഹൈക്കോടതിയെ സമീപിക്കാൻ തന്നെയാണ് തീരുമാനം. അതേസമയം പബ്ലിക് പ്രോസിക്യൂട്ടറെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ആക്ഷൻ കൗണ്‍സിലുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും  കുടുംബം വ്യക്തമാക്കിയിരുന്നു.
 

Follow Us:
Download App:
  • android
  • ios