
തിരുവനന്തപുരം: വി സി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള ബില്ലിന് മന്ത്രിസഭാ അംഗീകാരം. സെർച്ച് കമ്മിറ്റിയിലെ ഗവർണ്ണറുടെ പ്രതിനിധിയെ സർക്കാർ നിർദ്ദേശിക്കും. മൂന്ന് അംഗ കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കി സർക്കാറിനെ താല്പര്യമുള്ള വ്യക്തികളെ ഗവർണ്ണറെ മറികടന്ന് നിയോഗിക്കാനാണ് നീക്കം. ബിൽ വരുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം.
സർക്കാറിനെ നിരന്തരം വെള്ളം കുടിപ്പിക്കുന്ന ഗവർണ്ണറുടെ അധികാരം വെട്ടിക്കുറക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. ചാൻസിലറായ ഗവർണ്ണറുടെ അധികാരം വി സി നിയമനത്തിൽ കവരുന്ന ബില്ലിനാണ് കാബിനറ്റ് അംഗീകാരം നൽകിയത്. നിലവിൽ വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങളാണ് ഉള്ളത്. ഗവർണ്ണറുടെ പ്രതിനിധി, യുജിസി പ്രതിനിധി പിന്നെ സർവ്വകാലാശാല നോമിനി. ഇതിൽ ഗവർണ്ണറുടെ പ്രതിനിധിയെ സർക്കാർ നോമിനേറ്റ് ചെയ്യും. ഒപ്പം കമ്മിറ്റിയിൽ സർക്കാറിന്‍റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തി അഞ്ചാക്കി.
Also Read: 'പരാതി കിട്ടിയാല്‍ ചവറ്റുകുട്ടയില്‍ ഇടാന്‍ കഴിയില്ല' പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ ഗവര്‍ണര്‍
ഗവർണ്ണർക്ക് വി സി നിയമനത്തിൽ ഉടക്കിടാനാകില്ല, സർക്കാർ ആഗ്രഹിക്കുന്ന ആളെ എളുപ്പത്തിൽ വിസിയാക്കാം എന്നതാണ് ബില്ലിനെ വ്യവസ്ഥകള്‍. നിയമ പരിഷ്ക്കാര കമ്മീഷന്‍റെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് സര്‍ക്കാരിന്‍റെ നടപടി. ഓർഡിനൻസായി കൊണ്ടുവരാൻ നോക്കിയ ഭേദഗതി ഗവർണ്ണറുമായുള്ള ഉടക്കിനെ തുടർന്ന് നേരത്തെ മാറ്റിവെക്കുകയായിരുന്നു. പക്ഷെ ബില്ലുമായി മുന്നോട്ട് പോകാൻ സിപിഎം രാഷ്ട്രീയ തീരുമാനമെടുക്കുകയായിരുന്നു. ഭേദഗതി മുന്നിൽ കണ്ട് കേരള വി സി നിയമത്തിൽ ഗവർണ്ണർ നേരത്തെ സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിന് ഇത് ബാധകമാകില്ല. ഈ കമ്മിറ്റിയിലേക്ക് ഇതുവരെ കേരള സർവ്വകലാശാല പ്രതിനിധിയെ നൽകിയിട്ടില്ല. ബിൽ നിയമസഭ പാസ്സാക്കിയാലും തന്‍റെ അധികാരം കവരുന്ന ബില്ലിൽ ഗവർണ്ണർ ഒപ്പിടാനുള്ള സാധ്യത കുറവാണ്. രാഷ്ട്രപതിക്ക് അയച്ചോ അല്ലെങ്കിൽ തീരുമാനം എടുക്കാതെ വൈകിപ്പിച്ചോ ഏറ്റുമുട്ടലിന്‍റെ പാതയിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ പോയാലും അത്ഭുതപ്പെടേണ്ട കാര്യമില്ല എന്ന് ചുരുക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam