കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്; പദ്ധതിക്കായി 356 കോടി അനുവദിച്ചു

By Asianet MalayalamFirst Published Jun 13, 2019, 4:43 PM IST
Highlights

സംസ്ഥാനത്ത് 27 പുതിയ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാരുമായും റെയില്‍വേയുമായും ധാരണാപത്രം ഒപ്പിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 

തിരുവനന്തപുരം: കൊച്ചി മെട്രോ തൃപ്പുണിത്തുറ വരെ നീട്ടുന്നതിന് 356 കോടി രൂപയുടെ പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി.  

എറണാകുളം എസ്.എന്‍. ജംഗ്ഷന്‍ മുതല്‍ തൃപ്പുണിത്തുറ റെയില്‍വെ സ്റ്റേഷന്‍ / ബസ്സ് ഡിപ്പോ വരെ കൊച്ചി മെട്രോ പാത ഫേസ് 1 ബി ദീര്‍ഘിപ്പിക്കുന്നതിനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. 

കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനെ ചുമതലപ്പെടുത്തിയ 27 മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാരുമായും റെയില്‍വേയുമായും ധാരണാപത്രം ഒപ്പിടാനും മന്ത്രിസഭായോഗം അനുമതി നല്‍കി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന ചെര്‍പ്പുളശ്ശേരി പട്ടണത്തിലെ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണത്തിന് പകരമായി 'ചെര്‍പ്പുളശ്ശേരി ബൈപാസ് നിര്‍മാണവും നഗരവികസനവും' എന്ന പ്രവൃത്തി റോഡ് ഫണ്ട് ബോര്‍ഡ് മുഖേന ചെയ്യാന്‍ അനുമതി നല്‍കി. 15.86 കോടി രൂപയാണ് ഇതിനു ചെലവ്.

മന്ത്രിസഭായോഗത്തിലെ മറ്റു തീരുമാനങ്ങള്‍....

  • മത്സ്യഫെഡിന്‍റെ ആലപ്പുഴ ആറാട്ടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഫിഷ് മില്‍ ആന്‍റ് ഓയില്‍ പ്ലാന്‍റിനു വേണ്ടി 15 തസ്തികകള്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്ക് സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 
  • ഫിഷറീസ് വകുപ്പിന് കീഴില്‍ കൊല്ലം ആസ്ഥാനമായി സ്ഥാപിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിന് മെമ്പര്‍ സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസര്‍, സീനിയര്‍ ക്ലര്‍ക്ക് ക്ലര്‍ക്ക് എന്നിവയുടെ ഓരോ തസ്തിക സൃഷ്ടിക്കാനും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്‍റ് എന്നിവയുടെ ഓരോ തസ്തിക ദിവസവേതനാടിസ്ഥാനത്തില്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.  
  • കൂത്തുപറമ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ രണ്ട് തസ്തികകള്‍ സൃഷ്ടിക്കും
  • മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 12 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും
  •  റിട്ട. പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ എം.എന്‍. ജീവരാജിനെ കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഒരു വര്‍ഷത്തേക്ക് പുനര്‍നിയമനവ്യവസ്ഥപ്രകാരം  നിയമിച്ചു.
  • ഫിഷറീസ് വകുപ്പിലെ എസ്.എല്‍.ആര്‍ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കും. 
click me!