നടിയെ ആക്രമിച്ച കേസ്: വിചാരണ പുതിയ പോക്സോ കോടതിയിലേക്ക് മാറ്റില്ല

By Web TeamFirst Published Jul 11, 2019, 12:43 PM IST
Highlights

ഹൈക്കോടതിയുടെ ഉത്തരവിന് വിരുദ്ധമെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീരുമാനം റദ്ദാക്കിയത്. സുപ്രധാന കേസിൽ വസ്തുതകൾ പരിശോധിക്കാതെയായിരുന്നു സർക്കാർ തീരുമാനം.

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പുതിയ പോക്സോ കോടതിയിലേക്ക് മാറ്റുമെന്ന മന്ത്രിസഭാ തീരുമാനം സർക്കാർ പിൻവലിച്ചു. ഹൈക്കോടതിയുടെ ഉത്തരവിന് വിരുദ്ധമെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീരുമാനം റദ്ദാക്കിയത്. സുപ്രധാന കേസിൽ വസ്തുതകൾ പരിശോധിക്കാതെയായിരുന്നു സർക്കാർ തീരുമാനം.

കൊച്ചി കേന്ദ്രീകരിച്ച് പോക്സോ കേസുകള്‍ക്കുമാത്രമായി ഒരു കോടതി തുടങ്ങാനായിരുന്നു ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ ഈ കോടതിയില്‍ നടത്താനുള്ള അനുമതിയും മന്ത്രിസഭ നൽകി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് തീരുമാനമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരും ഇന്നലെ വിശദീകരിച്ചത്. വിചാരണയ്ക്ക് അനുമതി നൽകേണ്ടത് ഹൈക്കോടതിയാണെന്നിരിക്കെ സർക്കാർ തീരുമാനം നിയമവിരുദ്ധമാകുമെന്ന് ഇതിനിടെ പല നിയമവിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല, കേസിന്‍റെ വിചാരണ കൊച്ചിയിലെ സിബിഐ കോടതിയിൽ നടത്താൻ ഫെബ്രുവരി 15ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന നടിയുടെ ഹർജിയിലായിരുന്നു ഉത്തരവ്. ഈ ഉത്തരവ് നിലനിൽക്കേയായിരുന്നു മന്ത്രിസഭാ തീരുമാനം. 

ഒടുവിൽ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ഉണ്ടാകാനുള്ള സാഹചര്യം മുൻനിർത്തി സർക്കാർ തീരുമാനം പിൻവലിച്ചു. ഫെബ്രുവരി 15 ലെ ഹൈക്കോടതി ഉത്തരവ് മന്ത്രിസഭ പരിഗണിക്കുന്ന ഫയലിൽ ഉണ്ടായിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, കേസില്‍ പ്രതിയായ ദിലീപ്  സുപ്രീം കോടതിയിൽ നൽകിയ ഹർ‍ജിയുടെ അടിസ്ഥാനത്തിൽ കേസിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. 

click me!