മന്ത്രിസഭാ യോഗം ഇന്ന്; കിഫ്ബി വിവാദം ചർച്ച ചെയ്തേക്കും

By Web TeamFirst Published Nov 18, 2020, 6:55 AM IST
Highlights

ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കുന്നതിനാൽ അതിനെ പ്രതിരോധിക്കാനുള്ള നടപടികളും മന്ത്രിസഭായോഗം ചർച്ച ചെയ്യും. 

തിരുവനന്തപുരം: കിഫ്ബി വിവാദങ്ങൾക്കിടെ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. വിവാദ സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും. കേന്ദ്ര ഏജൻസികളുടെ സർക്കാർ വിരുദ്ധ നീക്കത്തിന്‍റെ ഭാഗമാണ് സിഎജി റിപ്പോർട്ട് എന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കുന്നതിനാൽ അതിനെ പ്രതിരോധിക്കാനുള്ള നടപടികളും മന്ത്രിസഭായോഗം ചർച്ച ചെയ്യും. 

സ്വർണക്കടത്ത്, ബിനീഷ് വിവാദങ്ങളിൽ സിപിഎം മുങ്ങിനിൽക്കുമ്പോഴാണ് സിഎജിക്കെതിരായ സർക്കാർ ആക്രമണം. സിഎജി റിപ്പോർട്ട് പുറത്തുവിട്ട് ധനമന്ത്രി തുറന്നുവിട്ട ഭൂതം മറ്റ് വിവാദങ്ങളെ വിഴുങ്ങുമെന്നായിരുന്നു സിപിഎം കണക്കുകൂട്ടൽ. എന്നാൽ ധനമന്ത്രി തന്നെ വെട്ടിലായതോടെ സിഎജിക്കെതിരായ നീക്കവും സർക്കാരിന് നേരെ തിരിയുകയാണ്. പ്രതിസന്ധികളിൽ നട്ടംതിരിയുമ്പോൾ സിപിഎം ബോധപൂർവ്വം കൊണ്ടുവന്ന രാഷ്ട്രീയ അജണ്ടയാണ് സിഎജി വിവാദമെന്ന് പ്രതിപക്ഷവും വ്യക്തമാക്കി കഴിഞ്ഞു. വിവാദ റിപ്പോർട്ട് സഭയിൽ എത്തുമ്പോൾ കിഫ്ബിക്കെതിരായ പ്രതിപക്ഷ നീക്കങ്ങൾ ഒരു മുഴം മുൻപെ തടയാനായി എന്നത് മാത്രമാണ് സർക്കാരിന്‍റെ നേട്ടം.

click me!