വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പാക്കി സര്‍ക്കാര്‍; കേന്ദ്ര സര്‍വകലാശാലകള്‍ക്കും ബാധകം

By Web TeamFirst Published Oct 31, 2019, 10:17 PM IST
Highlights

 സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ രൂപീകരിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ന്യായമായ താല്‍പര്യങ്ങളും അക്കാദമിക് അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്താനുമാണ് പുതിയ നിയമം

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ച് സര്‍ക്കാര്‍. വിദ്യാര്‍ത്ഥി യൂണിയനുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ ലക്ഷ്യമിട്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 2019-ലെ കേരള വിദ്യാര്‍ത്ഥി യൂണിയനുകളും വിദ്യാര്‍ത്ഥി പരിഹാര അതോറിറ്റിയും ആക്ട് എന്നാണ് നിര്‍ദിഷ്ട നിയമത്തിന് പേര് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ രൂപീകരിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ന്യായമായ താല്‍പര്യങ്ങളും അക്കാദമിക് അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്താനുമാണ് പുതിയ നിയമം. സംസ്ഥാനത്തെ കേന്ദ്ര സര്‍വകലാശാലയും കല്‍പ്പിത സര്‍വകലാശാലകളും ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന്‍റെ പരിധിയില്‍ വരും.

വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ന്യായമായ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള അതോറിറ്റി രൂപീകരണം ബില്ലില്‍ ഉള്‍പ്പെടുന്നുണ്ട്. ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള അഭിഭാഷകനോ അധ്യക്ഷനായി പരാതി പരിഹാര അതോറിറ്റി രൂപീകരിക്കണമെന്നാണ് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്.  

വിദ്യാർത്ഥി സംഘടന പ്രവർത്തനം നിരോധക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ പരിഗണിക്കവേ യൂണിയൻ പ്രവർത്തനം സംബന്ധിച്ച് എന്തുകൊണ്ട് വ്യക്തമായ നിയമനിർമ്മാണം നടത്തികൂടായെന്ന് സർക്കാരിനോട് ഹൈക്കോടതി പലവട്ടം ചോദിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിയമനിർമ്മാണത്തിന് തീരുമാനിച്ചിരിക്കുന്നത്.

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്ക്കരണത്തിനായി മൂന്നംഗ കമ്മീഷനെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. ആറുമാസത്തിനകം കമ്മീഷൻ ശുപാർശകൾ സർക്കാരിന് സമർപ്പിക്കും. കടൽ ക്ഷോഭത്തെ തുടർന്ന് മത്സ്യതൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യത്തിൽ ഒരു മാസത്തെ സൗജന്യ റേഷനും ഓരോ കൂടുംബങ്ങള്‍ക്കും 2000 രൂപയും നൽകാനും ഇന്നത്തെ യോഗത്തിൽ മന്ത്രിസഭ തീരുമാനിച്ചു.

click me!