കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരസ്യ മദ്യപാനത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരസ്യ മദ്യപാനത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. നര്‍ക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമീഷണര്‍ അനില്‍കുമാറിനാണ് അന്വേഷണ ചുമതല. ആറ് ഉദ്യോഗസ്ഥരെയും കമീഷണർ സസ്പെന്‍റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ കാറിനകത്ത് ഇരുന്ന് ആറ് പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചത്. പിന്നാലെ ഇവരെ സസ്പെന്‍റ് ചെയ്തിരുന്നു. ജോലിക്കിടെയാണ് ഇവര്‍ മദ്യപിച്ചതെന്നും പൊലീസ് സേനക്ക് തന്നെ നാണക്കേടായ സംഭവമെന്നും കാട്ടി സിറ്റി പൊലീസ് കമീഷണര്‍ക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ നടപടി.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഈ ദൃശ്യങ്ങള്‍ പുറത്താകുന്നത്. ദേശീയ പാതയോട് ചേർന്ന് കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ സ്വകര്യ കാറില്‍ ഒരു സംഘം മദ്യപിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന എല്ലാ പൊലീസുകാരും സിവില്‍ ഡ്രസ്സിലായിരുന്നു. തൊട്ടു ചേര്‍ന്ന് പാര്‍ക്ക് ചെയ്ത കാറിലിരുന്ന ഒരാളാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. ഒരു കേസിലെ പ്രതി കൂടിയായ ഇയാള്‍ക്ക് പൊലീസുകാരാണ് കാറിനുള്ളിലെന്ന് മനസ്സിലായി. തുടര്‍ന്ന് ദൃശ്യങ്ങൾ ഉന്നത പൊലീസ് ഓഫീസര്‍ക്ക് അയച്ചു. ഇതോടെയാണ് അന്വേഷണം വന്നത്. കഴക്കൂട്ടം അസിസ്റ്റന്‍റ് കമീഷണര്‍, പ്രാഥമിക അന്വേഷണം നടത്തി കമീഷണര്‍ക്ക് റിപ്പോർട്ട് കൈമാറി. ജോലിക്കിടെയാണ് ഇവർ മദ്യപിച്ചതെന്നും പൊലീസ് സേനക്ക് തന്നെ നാണക്കേടായ സംഭവമെന്നും റിപ്പോർട്ടില്‍ പറയുന്നു. സമീപത്തെ ഒരു വ്യവസായിയുടെ വീട്ടില്‍ കല്ല്യാണത്തിന് പോകാന്‍ ഇറങ്ങിയതാണിവര്‍. ഇന്‍സ്പെക്ടറുടെ അനുമതിയും വാങ്ങിയിരുന്നു. പക്ഷെ പോകുന്നതിന് മുമ്പ് മദ്യപിക്കുകയായിരുന്നു. പൊലീസുകാരുടെ ചെയ്തി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വ്യക്താക്കിയാണ് കമീഷണര്‍ സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. ഗ്രേഡ്എസ് ഐ ബിനു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ്, മനോജ്, അരുണ്‍, അഖില്‍ രാജ് എന്നിവരാണ് സസ്പെന്‍ഷനിലായത്.



