Lokayukta Amendment: ഓർഡിനൻസ് പുതുക്കുന്നത് മന്ത്രിസഭായോ​ഗം ചർച്ച ചെയ്യും; സിപിഐ മന്ത്രിമാരുടെ നിലപാട് പ്രധാനം

Web Desk   | Asianet News
Published : Mar 30, 2022, 05:48 AM IST
Lokayukta Amendment: ഓർഡിനൻസ് പുതുക്കുന്നത് മന്ത്രിസഭായോ​ഗം ചർച്ച ചെയ്യും; സിപിഐ മന്ത്രിമാരുടെ നിലപാട് പ്രധാനം

Synopsis

തർക്കത്തിൽ സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച നടത്തുമെന്നറിയിച്ചെങ്കിലും ചർച്ച നടന്നിട്ടില്ല. സി പി ഐ മന്ത്രിമാർ എതിരഭിപ്രായം പറഞ്ഞാലും മിനുട്സിൽ എതിർപ്പ് രേഖപ്പെടുത്തുന്ന പതിവില്ല.മന്ത്രിസഭാ യോഗത്തിന് മുമ്പ് സി പി ഐ നേതൃത്വം വീണ്ടും പാർട്ടി മന്ത്രിമാർക്ക് നിർദേശം നൽകാനും സാധ്യതയുണ്ട്

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് (lokayukta Amendment Ordinance) പുതുക്കി(renew) ഇറക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം(cabinet meeting( പരിഗണിക്കും.ഓർഡിനൻസിൻറെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനക്കെത്തുന്നത്. സി പി ഐ മന്ത്രിമാർ യോഗത്തിൽ എന്ത് നിലപാടെടുക്കുംഎന്നുള്ളത് പ്രധാനമാണ്. നേരത്തെ ഓർഡിനൻസ് എതിർപ്പില്ലാതെ അംഗീകരിച്ചതിൽ പാർട്ടി മന്ത്രിമാരെ സി പി ഐ നേതൃത്വം വിമർശിച്ചിരുന്നു.ഓർഡിനൻസ് അംഗീകരിച്ചതിന് ശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിൽ സി പി ഐ മന്ത്രി കെ രാജൻ പാർട്ടിക്ക് എതിരഭിപ്രായം ഉണ്ടെന്ന് പറഞ്ഞിരുന്നു.

തർക്കത്തിൽ സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച നടത്തുമെന്നറിയിച്ചെങ്കിലും ചർച്ച നടന്നിട്ടില്ല. സി പി ഐ മന്ത്രിമാർ എതിരഭിപ്രായം പറഞ്ഞാലും മിനുട്സിൽ എതിർപ്പ് രേഖപ്പെടുത്തുന്ന പതിവില്ല.മന്ത്രിസഭാ യോഗത്തിന് മുമ്പ് സി പി ഐ നേതൃത്വം വീണ്ടും പാർട്ടി മന്ത്രിമാർക്ക് നിർദേശം നൽകാനും സാധ്യതയുണ്ട്

'രാഷ്ട്രപതിയുടെ അനുമതിയില്ല, ഭരണഘടനാവിരുദ്ധം'; ലോകായുക്ത ഭേദഗതിക്കെതിരായ ഹർജി ഹൈക്കോടതിയിൽ

കൊച്ചി: ലോകായുക്ത ഭേദഗതി ഓർ‍ഡിനൻസിനെതിരായ  ഹർജി ഹൈക്കോടതിയിൽ. പൊതുപ്രവർത്തകനായ ആർ എസ് ശശികുമാറാണ് ഹ‍ർജി നൽകിയിരിക്കുന്നത്. രാഷ്ട്രപതിയുടെ അനുമതിയില്ലാതെയുളള ഭേദഗതി ഓർ‍ഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം. ലോകായുക്തയുടെ പ്രവർത്തന സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടുന്ന ഓർഡിനൻസ് നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹ‍ർജി പരിഗണിക്കുന്നത്. ദുരിതാശ്വാസ  ഫണ്ട് വിനിയോഗത്തിൽ  ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തയാണ് ഹർജിക്കാരൻ.

ലോകായുക്ത ഭേദഗതി ഓർഡിനൻസിന് നേരത്തെ കോടതി സ്റ്റേ നൽകിയിരുന്നില്ല. ഓർഡിനൻസ് സ്റ്റേ ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചുകൊണ്ടായിരുന്നു സ്റ്റേ ആവശ്യം അന്ന് ഹൈക്കോടതി തള്ളിയത്. ഹർജിയില്‍ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും.

ഓർഡിനൻസിന് അംഗീകാരം നൽകി ഗവർണർ

ഫെബ്രുവരി ആദ്യ ആഴ്ചയിലായിരുന്നു ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത്. പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വി‌ധി സർക്കാരിന് തളളിക്കളയാം എന്നതാണ് ഭേദഗതിയിലെ ഏറ്റവും വലിയ മാറ്റം. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവർണർ അംഗീകാരം നൽകിയത്. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവർണർ ഒപ്പിട്ടത്.

ലോകായുക്ത ഭേദഗതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

നേരത്തെ ലോകായുക്ത നിയമ ഭേദഗതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ലോകായുക്ത നിയമത്തില്‍ മാറ്റം ആവശ്യമാണെന്ന നിയമോപദേശം കിട്ടിയെന്നും അനുസരിച്ചുള്ള സാധാരണ നടപടി മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ്

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രേഖപ്പെടുത്തിയത്. സര്‍ക്കാരിന്റെ വാദ മുഖങ്ങള്‍ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയടക്കം ചെയ്തിരുന്നു. ഭേദഗതി ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും കത്തിലൂടെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇതടക്കം തള്ളിയാണ് ഗവർണർ ഓ‍ർഡിനൻസിന് അംഗീകാരം നൽകിയത്. പൊതുപ്രവര്‍ത്തകനോട് ക്വോവാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് സതീശൻ കത്തിൽ ചൂണ്ടികാട്ടിയിരുന്നു.  കെ.സി. ചാണ്ടി Vs ആര്‍ ബാലകൃഷ്ണപിള്ള കേസ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ വാദമുന്നയിക്കുന്നത്. എന്നാല്‍ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി B.R. Kapoor versus State Of Tamil Nadu ( September 21, 2001) എന്ന കേസില്‍ ക്വോ വാറന്റോ റിട്ടിലൂടെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. ക്വോ വാറന്റോ റിട്ടിലൂടെ പൊതുപ്രവര്‍ത്തകനെ ഒരു സ്ഥാനത്ത് നിന്നും പുറത്താക്കാമെന്ന സുപ്രീം കോടതിയുടെ ഈ ഉത്തരവ് രാജ്യത്തെ മറ്റെല്ലാം കോടതികള്‍ക്കും ബാധകമാണ്. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെ രൂപീകൃതമായ ലോകയുക്ത അഴിമതിക്കെതിരായ സംവിധാനമാണ്. അല്ലാതെ സത്യപ്രതിജ്ഞാ ലംഘനത്തിനെതിരെ നടപടിയെടുക്കുകയെന്നത് ലോകായുക്തയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതല്ല. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് കെ.ടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് ഉത്തരവിട്ടതും ബന്ധു നിയമനത്തിനായി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പരാതിയിലാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വിശദീകരിച്ചിരുന്നു.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ