
തിരുവനന്തപുരം: സംസ്ഥാനം കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് സിഎജി റിപ്പോര്‍ട്ട്. ബജറ്റിന് പുറത്തുള്ള കടമെടുപ്പ് കൂടി കൂട്ടുമ്പോള്‍ കേരളത്തിന്‍റെ കടം ജിഎസ്ഡിപിയുടെ 37.84 ശതമാനമെന്നാണ് നിയമസഭയിൽ വെച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2019 -20 സാമ്പത്തിക വർഷം മുതൽ 2023 - 24 വരെ റവന്യൂ ചെലവ് കുത്തനെ ഉയർന്നുഅതേ സമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വര്‍ഷം കേന്ദ്രത്തിൽ നിന്നുള്ള ധന സഹായം പകുതിയിലധികം കുറഞ്ഞെന്നും സിഎജി പറയുന്നു.കിഫ്ബിയുടെയും സാമൂഹ്യ സുരക്ഷാ പെന്‍ഷൻ കമ്പനിയുടെയും ബാധ്യതയായ 32,942 കോടി കൂടി ചേര്‍ക്കുമ്പോള്‍ 4,33,657.98 കോടിയാണ് കടം. കടമെടുത്തതിൽ 5.18 ശതമാനം മാത്രമാണ് മൂലധന ചെലവിന് ഉപയോഗിച്ചത്. ആസ്തിയുണ്ടാക്കുന്നതിന് പകരം കടമെടുക്കുന്ന പണം കടം വീട്ടാനും സാധാരണ ചെലവുകള്‍ക്കുമാണ് വിനിയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ധന ഉത്തരവാദിത്ത നിയമപ്രകാരം ജിഎസ്ഡിപിയുടെ 1.20 ശതമാനം റവന്യൂ മിച്ചമെന്ന് ലക്ഷ്യം നേടുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടു. എന്നാൽ, ധന കമ്മിയിൽ ലക്ഷ്യം നേടാനായി. കിഫ്ബിയുടെയും പെന്‍ഷൻ കമ്പനിയുടെയും കടമെടുപ്പ് സംസ്ഥാനത്തിന്‍റെ ബാധ്യതയല്ലെന്ന സര്‍ക്കാര്‍ വാദം സിഎജി തള്ളി. എന്നാൽ, ഇതിനോട് പൂര്‍ണമായും വിയോജിക്കുകയാണ് ധനമന്ത്രി.
കടമെടുപ്പ് പരിധി വെട്ടിക്കുറിച്ചതിനെ എതിര്‍ക്കുന്നതിനൊപ്പം കേന്ദ്ര സഹായം കുറഞ്ഞതും സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ചൂണ്ടിക്കാട്ടുന്നു. 2023 -24 ൽ മുന്‍ വര്‍ഷത്തേക്കാള്‍ 55.92 ശതമാനം കേന്ദ്ര സഹായം കുറഞ്ഞെന്നാണ് സിഎജി റിപ്പോര്‍ട്ട്. അതായത് 15,309.60 കോടിയുടെ കുറവ്. ധനകാര്യ കമ്മീഷൻ ഗ്രാൻറ് 15,382.30 കോടിയിൽ നിന്ന് 7245.68 കോടിയായി കുറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്കും റവന്യൂ കമ്മിക്കുമുള്ള ഗ്രാന്‍റുകളിലെ കുറവാണ് കാരണം. ജിഎസ്ടി നടപ്പാക്കിയത് നഷ്ടപരിഹാരത്തിലെ കുറവ് കാരണം മറ്റിനത്തിലെ ഗ്രാന്‍റ് 903.71 കോടിയായി ചുരുങ്ങി. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ ഗ്രാന്‍റും 651 കോടിയുടെ കുറവുണ്ടായി .എന്നാൽ, നികുതി വിഹിതം ധനകാര്യ കമ്മീഷൻ കണക്കാക്കിയതിനേക്കാള്‍ കൂടി. 19.07 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്.
ബജറ്റിന് പുറത്തുള്ള വായ്പ എടുപ്പിൽ സി എ ജി റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങളിൽ വിയോജനം രേഖപ്പെടുത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ.കിഫ്ബി വായ്പ നേരിട്ടുള്ള ബാധ്യത ആകുന്നില്ല. ഇത് ആകസ്മിക ബാധ്യത മാത്രമാണ്. സാമൂഹ്യ സുരക്ഷാ കമ്പനി എടുക്കുന്ന വായ്പകൾ അതാതു വർഷം തന്നെ തിരിച്ചടയ്ക്കുന്നുണ്ട്. ഈ പെൻഷൻ പദ്ധതിയിലൂടെയാണ് സംസ്ഥാനത്തിന്‍റെ ദാരിദ്ര്യം ഒരു ശതമാനത്തിൽ താഴെ നിർത്തിയത്. അത് സിഎജി കാണാതെപോകുകയാണെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ശിശു സംരക്ഷണ പദ്ധതികളിൽ വീഴ്ചയുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ടിൽ പറയുന്നത്. 165 ശിശു പരിപാലന കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ പുതുക്കിയിട്ടില്ല. റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലും കാലതാമസം വരുത്തി. ജുവനൈൽ ജസ്റ്റിസ് ബോർഡുകൾക്ക് സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് 364 ദിവസം വൈകി. ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്കുള്ള റിപ്പോർട്ടുകളും 447 ദിവസം വൈകിയെന്നും ഇത് മൂലം കുട്ടികൾക്ക് അനുകൂലമല്ലാത്ത ഫലങ്ങൾ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളോടും അവഗണനയുണ്ടെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളിൽ അവരെ താമസിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിൽ വിമര്‍ശിക്കുന്നു. കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണ പ്രക്രിയ വൈകിയെന്നും ഇതുമൂലം വിചാരണ കാലയളവ് അനാവശ്യമായി നീണ്ടുവെന്നും സിഎജി കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam