
കോഴിക്കോട്: പതിമംഗലം സ്വദേശിയായ വ്യാപാരി തൊടുകയിൽ അബ്ദുൽ കരീമിനെ അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയ ശേഷം വഴിയിൽ ഉപേക്ഷിച്ചു. അഞ്ച് ലക്ഷം രൂപ നൽകാമെന്ന ഉറപ്പിലാണ് തന്നെ വിട്ടയച്ചതെന്ന് അബ്ദുൽ കരീം പറഞ്ഞു. തട്ടിക്കൊണ്ട് പോയത് കച്ചവട പങ്കാളി ഷഹസാദിന്റെ നേതൃത്വത്തിലുളള ക്വട്ടേഷൻ സംഘമാണെന്നാണ് വിവരം. കരീം കുരുമംഗലം പൊലീസിൽ ഹാജരായി.
തിങ്കളാഴ്ച വീട്ടിൽ നിന്നിറങ്ങിയ അബ്ദുൽ കരീം തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെയാണ് ബന്ധുക്കൾക്ക് ചൊവ്വാഴ്ച ഫോൺ വിളി എത്തിയത്. കരീം തങ്ങളുടെ കസ്റ്റഡിയിലാണെന്നും 50 ലക്ഷം രൂപ നൽകിയാൽ വിട്ടു നൽകാമെന്നുമായിരുന്നു സന്ദേശം. എന്നാൽ ഇത്രയും തുക പെട്ടെന്ന് നൽകാനാവില്ലെന്ന് പറഞ്ഞതോടെ 30 ലക്ഷം നൽകണമെന്നായി സംഘം. അബ്ദുൽ കരീം തന്നെ ഭാര്യ ജസ്നയെ വിളിച്ചു. ഭയത്തോടെയാണ് കരീം സംസാരിച്ചതെന്ന് ജസ്ന നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബാംഗ്ലൂരിലും വയനാട്ടിലും ബിസിനസ് നടത്തുന്ന അബ്ദുൽ കരീമിന് ചില പണമിടപാടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കരീമിൻറെ വ്യാപാര പങ്കാളിയായ ഷെഹസാദ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്രശ്നത്തിൽ ഇടപെട്ട സാമൂഹ്യ പ്രവർത്തകനായ നൗഷാദ് തെക്കയിലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അബ്ദുൽ കരീം സഞ്ചരിച്ചിരുന്ന കാർ കാരന്തൂരിൽ ഉപേക്ഷിച്ച നിലയിൽ കുന്ദമംഗലം പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് നാദാപുരത്തും തൂണേരിയിലും സമാനമായ തട്ടിക്കൊണ്ട് പോകലുകൾ ഉണ്ടായിരുന്നു. ഈ സംഭവങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തട്ടിക്കൊണ്ടു പോയവർ തിരിച്ചെത്തിയിരുന്നു. സ്വർണക്കടത്തും മറ്റു അനധികൃത പണമിടപാടുകളുമായും ബന്ധപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടു പോകുന്ന പരിപാടി ഇപ്പോൾ സ്ഥിരമായിട്ടുണ്ട്.
Read More: മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam