Latest Videos

Calicut University : വാദിയെ പ്രതിയാക്കി സർവ്വകലാശാല; പരാതിക്കാരിക്കെതിരെ അന്വേഷണത്തിന് സിൻഡിക്കേറ്റ് തീരുമാനം

By Web TeamFirst Published Dec 30, 2021, 7:12 PM IST
Highlights

കംപാരറ്റിവ് ലിറ്ററേച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീകല മുല്ലശ്ശേരിയുടെ ഗവേഷണ പ്രബന്ധം കോപ്പിയടി ആണെന്ന് പരാതി ഉന്നയിച്ച ആൻസി ഭായി എന്ന ഉദ്യോഗാർത്ഥിക്കെതിരെ അന്വേഷണം നടത്താൻ ഇന്ന് ചേർന്ന സർവ്വകലാശാല സിൻഡിക്കേറ്റ് തിരുമാനിച്ചു. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനെതിരെ വ്യാജ പരാതികൾ പെരുകുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം.

കോഴിക്കോട്: വാദിയെ പ്രതിയാക്കി കാലിക്കറ്റ് സർവ്വകലാശാല (Calicut University) . കംപാരറ്റിവ് ലിറ്ററേച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീകല മുല്ലശ്ശേരിയുടെ  (Sreekala Mullassery) ഗവേഷണ പ്രബന്ധം കോപ്പിയടി ആണെന്ന് പരാതി ഉന്നയിച്ച ആൻസി ഭായി എന്ന ഉദ്യോഗാർത്ഥിക്കെതിരെ അന്വേഷണം നടത്താൻ ഇന്ന് ചേർന്ന സർവ്വകലാശാല സിൻഡിക്കേറ്റ് തിരുമാനിച്ചു. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനെതിരെ വ്യാജ പരാതികൾ പെരുകുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം.

കംപാരറ്റിവ് ലിറ്ററേച്ചർ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി കഴിഞ്ഞ ജനുവരിയിലാണ് ശ്രീകല മുല്ലശ്ശേരി നിയമിതയായത്. 2010ൽ ഗവേഷണ പ്രബന്ധം സമർപ്പിച്ചപ്പോൾ തന്നെ കോപ്പിയടിയാണെന്ന പരാതി ഉയർന്നിരുന്നു. ഈ പിഎച്ച്ഡിയാണ് അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് യോഗ്യതയായി പരിഗണിച്ചത്. താല്ക്കാലിക അധ്യാപികയായി സർവ്വകലാശാലയിൽ ജോലി ചെയ്ത ശ്രീകലയെ 2020 ജനുവരിയിൽ അസിസ്റ്റൻറ് പ്രൊഫസറായി നിയമിച്ചതിന് പിന്നാലെയാണ് പ്രബന്ധത്തിനെതിരെ വീണ്ടും പരാതി ഉയർന്നത്.
ഉദ്യോഗാർത്ഥികളിൽ ഒരാളായ ആൻസി ബായി ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും സർവ്വകലാശാലക്കും പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ പരാതിക്കാരിക്കെതിരെ അന്വേഷണം നടത്തുക എന്ന വിചിത്ര നടപടിയിലേക്ക് സിൻഡിക്കേറ്റ് കടക്കുന്നത്. 

പരാതി ആസൂത്രിമാണോ എന്ന് അന്വേഷിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിന് റിപ്പോർട്ട് നൽകാനാണ് ഇടതുപക്ഷസിൻഡിക്കേറ്റിന്റെ തീരുമാനം. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനെതിരെ ഉയരുന്ന പരാതികൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് മനസ്സിലാക്കിയാണ് നടപടിയെന്ന വിചിത്രമായ ന്യായമാണ് സിൻഡിക്കേറ്റിന്റേത്. 2016ൽ തന്നെ ശ്രീകലയുടെ വിവാദമായ ഗവേഷണ പ്രബന്ധം കോപ്പിയടിയാണെന്ന് മൂന്നംഗസമിതി റിപ്പോർട്ട് നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദം കാരണം സിൻഡിക്കേറ്റ് അത് തള്ളുകയായിരുന്നു. 

ശ്രീകലയുടെ പ്രബന്ധം കോപ്പിയടിച്ചതാണെന്നും നിയമനം റദ്ദാക്കണമെന്നും കാണിച്ച് ഇപ്പോഴത്തെ പരാതിക്കാരി ആൻസി ഭായി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ തനിക്കെതിരായ അന്വേഷണത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്ന് ആൻസി ഭായി വ്യക്തമാക്കി.

click me!