
ആലപ്പുഴ: കൊലപാതകങ്ങളിലൂടെ ആലപ്പുഴയിൽ വർഗീയ കലാപമാണ് എസ്ഡിപിഐയും ബിജെപിയും ലക്ഷ്യമിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലീസ് ഇടപെടൽ കൊണ്ടാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മതനിരപേക്ഷതയെ തകർക്കാൻ അധികാരം കൈയിലുള്ള ആർഎസ്എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര ഭരണകൂടത്തെ ഉപയോഗിച്ച് കേരളത്തിൽ ഹിന്ദു ധ്രുവീകരണത്തിനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന പൂജാരിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. എസ്ഡിപിഐയും ആർഎസ്എസും വർഗീയത പറഞ്ഞ് ചാവേറുകളെ സൃഷ്ടിക്കുകയാണ്. അമ്പലപ്പുഴ എംഎൽഎ സലാമിനെ എസ്ഡിപിഐയായി പ്രചരിപ്പിക്കുന്നു. സലാം എസ്എഫ്ഐയിലൂടെ ഉയർന്നു വന്ന നേതാവാണെന്നും എസ്ഡിപിഐക്കോ ആർഎസ്എസിനോ സിപിഎമ്മിൽ നുഴഞ്ഞു കയറാൻ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.
മുസ്ലിം ലീഗിനെതിരെയും രൂക്ഷ വിമർശനമാണ് കോടിയേരി ഉന്നയിച്ചത്. മുസ്ലിംലീഗ് ഇസ്‌ലാമിക മതമൗലിക വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എസ്ഡിപിഐ മുദ്രാവാക്യം ഏറ്റെടുക്കുകയാണ് ലീഗ് ചെയ്യുന്നത്. മുസ്ലിം ലീഗിന്റെ പ്രചാരണം ആർഎസ്എസിനെ സഹായിക്കാനാണ്. കാന്തപുരവും ജിഫ്രി തങ്ങളും ലീഗ് നിലപാട് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ കോടിയേരി ജിഫ്രി തങ്ങളെ വധിക്കുമെന്ന് വരെ ഭീഷണി മുഴക്കുകയാണെന്നും കുറ്റപ്പെടുത്തി. ഏതെങ്കിലും രീതിയിൽ അധികാരത്തിൽ തിരികെ വരാമെന്ന സങ്കുചിത രാഷ്ട്രീയ ചിന്തയാണ് ലീഗിനെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam