അനധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന ചട്ടം മറികടന്ന് നിയമനം നൽകാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി നീക്കം

By Web TeamFirst Published Dec 31, 2020, 7:42 AM IST
Highlights

കോഴിക്കോട് സർവകലാശാലയിൽ ഡ്രൈവർ, വാച്ച്മാൻ, കംമ്പ്യൂട്ടർ പ്രോഗ്രാമേഴ്സ് തുടങ്ങിയ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന 37 ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തിരിക്കുന്നത്

കോഴിക്കോട്: സർവകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്എ‍സിക്ക് വിടണമെന്ന ചട്ടം നിലനിൽക്കെ കോഴിക്കോട് സർവകലാശാലയിൽ പിൻവാതിൽ നിയമനത്തിന് നീക്കം. പത്ത്‍ വർഷം പൂത്തിയാക്കിയ ദിവസ വേതന, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഇന്നലെ ചേര്‍ന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം എടുത്തിരിക്കുന്നത്.

കോഴിക്കോട് സർവകലാശാലയിൽ ഡ്രൈവർ, വാച്ച്മാൻ, കംമ്പ്യൂട്ടർ പ്രോഗ്രാമേഴ്സ് തുടങ്ങിയ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന 37 ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തിരിക്കുന്നത്. വൈസ് ചാൻസിലറുടെ ഡ്രൈവർ അടക്കമുള്ളവരെ സ്ഥിരപ്പെടുത്താനാണ് നീക്കം. സർവകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്‌സിക്ക് വിട്ട 2015ലെ സർക്കാർ ഉത്തരവ് മറികടന്നാണ് വിചിത്ര തീരുമാനം. ഈ ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യാതെ സിപിഎം അനുഭാവികളെ സ്ഥിരപ്പെടുത്തുന്നുവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.

ചട്ടം മറികടന്നുള്ള നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസിലർക്ക് പരാതി നൽകാനാണ് സംഘടനകള്‍ ആലോചിക്കുന്നത്. അനധികൃത നിയമനങ്ങള്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകാനും പ്രതിപക്ഷ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

click me!